ഋഷി സുനക് ഇന്ത്യയുടെ അഭിമാനം: മാധവൻ ബി നായർ

ഹൂസ്റ്റൺ: സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് ഒരു കാലത്ത് പേരുകേട്ട ബ്രിട്ടന്റെ ഇടക്കാല പ്രധാനമന്ത്രിയായി ഇന്ത്യൻ പാരമ്പര്യമുള്ള ഋഷി സുനക് ചുമതലയേറ്റ സന്ദർഭം ലോകമെമ്പാടുമുള്ള ഇന്ത്യാക്കാർക്ക് ആത്മാഭിമാനത്തിന്റെയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ് സംഭാവന ചെയ്തതെന്ന് വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമായ മാധവൻ ബി നായർ. ദശാബ്ദങ്ങൾക്ക് മുൻപ് ഇന്ത്യയുൾപ്പെടെ ലോകത്തെ അടക്കി ഭരിച്ച ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ഏറ്റവും ധനികനായ പ്രധാനമന്ത്രിയുമായ ഋഷി സുന കിന്റെ സ്ഥാനലബ്ധിയിൽ വേൾഡ് ഹിന്ദു പാർലമെന്റ് അനുമോദിക്കുന്നുവെന്ന് ആശംസാ സന്ദേശത്തിൽ മാധവൻ ബി നായർ അറിയിച്ചു.

ശരീര വർണത്തിൽ വിവേചനം കാട്ടിയിരുന്ന ബ്രിട്ടനിൽ ഹിന്ദു മത വിശ്വാസിയായ ഒരു ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയായി അവരോധിതനായത് ബ്രിട്ടീഷ് ജനത മത നിരപേക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയായി പരിണമിച്ചതിനാലാണ്. ക്രിസ്തുമതത്തിന് ഔദ്യോഗിക സ്ഥാനമുള്ള ഒരു രാജ്യത്ത് ഋഷി സുനക് പ്രധാനമന്ത്രിയാകുമ്പോൾ അത് ഇന്ത്യൻ പാരമ്പര്യങ്ങൾക്കും സനാതന മൂല്യങ്ങൾക്കും ലഭിക്കുന്ന ആഗോള അംഗീകാരം കൂടിയാണ്. സിങ്കപ്പൂരിലും മലേഷ്യയിലും അമേരിക്കയിലും കാനഡയിലും ന്യൂസിലൻഡിലുമെല്ലാം ഇന്ത്യൻ വംശജർ ഭരണത്തിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചവരാണ്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയനായിരിക്കുകയാണ് ഋഷി സുനക്. ലോകത്തിന്റെ എല്ലാ കോണുകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള ഇന്ത്യൻ പ്രവാസികളുടെ തലമുറകൾ അധിവസിക്കുന്ന രാഷ്ട്രത്തിൽ ഭരണ നേതൃത്വത്തിലേക്കെത്തുന്നത് ഇന്ത്യയുടെ പ്രസക്തിയും പ്രാധാന്യവും വർധിപ്പിച്ചു കൊണ്ടിരിക്കും.

ബ്രിട്ടൻ നേരിടുന്ന വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികളും സമഗ്രതയോടെ കൈകാര്യം ചെയ്യാൻ സാമ്പത്തിക വിദഗ്‌ധനായ ഋഷി സുനകിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യക്കും ഇന്ത്യാക്കാർക്കും അഭിമാനമായി മാറിയിരിക്കുന്ന ഋഷി സുനകിന്റെ നേട്ടത്തിൽ അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നതായി മാധവൻ ബി നായർ ആശംസാ സന്ദേശത്തിൽ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News