എൻ്റെ ജന്മദേശം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

കേരങ്ങളെങ്ങും വളരുന്നതാം കൊച്ചു
കേരളമാണെന്റെ ജന്മദേശം!
ഈ മണ്ണിലല്ലോ പിറന്നതെന്നോർക്കുമ്പോൾ
രോമാഞ്ചം കൊള്ളൂന്നെൻ മേനിയാകെ!

മാവേലി പണ്ടു ഭരിച്ചൊരീപ്പൂമണ്ണിൽ
മാനവർക്കെൻതൈക്യമായിരുന്നു!
തമ്മിൽ വഴക്കും വക്കാണവു മില്ലാതൊ-
രമ്മ തൻ മക്കൾ പോൽ വർത്തിച്ചവർ!

ഈണത്തിൽ പാടീ കവീശ്വരന്മാരെല്ലാം
ഈ പുണ്യ ദേശത്തിൻ സൗകുമാര്യം!
ഭൂമിയിലേവർക്കും മാതൃകയായല്ലോ
ഈ മഹാദേശത്തിൻ സൗഹൃദവും!

തുഞ്ചത്തെഴുത്തച്ഛൻ ഉള്ളൂരും വള്ളത്തോൾ
കുഞ്ചനുമാശാനുമെത്ര പാടി!
ചങ്ങമ്പുഴ തൻ പ്രകൃതി വർണ്ണനകൾ
തങ്ങി നിന്നീടാത്തതേതു ഹൃത്തിൽ!

മുറ്റുമനശ്വര സ്നേഹസംഗീതങ്ങൾ
മാറ്റൊലിക്കൊണ്ടീ മഹിയിലാകെ,
ശാന്തി തൻ സന്ദേശ വാഹികൾ പ്രാവുകൾ
സ്വച്ഛന്ദം പാറിപ്പറന്നു ചെമ്മേ!

തെച്ചിയും പിച്ചിയും തൂമുല്ലയും പച്ച-
പട്ടുടുത്താടും നെൽപ്പാടങ്ങളും,
തോരണം ചാർത്തി നിന്നാടും മരങ്ങളും
തൂമയെഴും മൊട്ടക്കുന്നുകളും,

പൊട്ടിച്ചിരിച്ചൊഴുകീടുമരുവിയും
പാടിപ്പറക്കും കുയിലുകളും,
വെള്ളിച്ചിലമ്പിട്ടൊഴുകും നദികളും
കുളിർ കോരും നീലത്തടാകങ്ങളും,

ചേലെഴും മാമരത്തോപ്പുകളും നീളെ
ചോലയും വള്ളിക്കുടിലുകളും,
ചെന്തെങ്ങും ചെത്തിയും ചെമ്പരത്തിപ്പൂവും
എൻ്റെ നാടിൻ സവിശേഷതകൾ!

മാവേലിക്കായോണക്കാലമടുക്കുമ്പോൾ
പൂവിട്ടൊരുക്കിയ മുറ്റങ്ങളും,
കൈകൊട്ടിക്കളിയും കഥകളിയും ചാക്യാർ-
കൂത്തും വിവിധ വിനോദങ്ങളും,

ചേലിൽ വിരിച്ചിട്ട കൂന്തലിന്നറ്റത്തു
മുല്ലപ്പൂ ചൂടിയ മങ്കമാരും,
സ്നേഹനിധികളാം അദ്ധ്വാനശീലരാം
ദേശക്കൂറുള്ളതാം മാനുഷരും,

എല്ലാമടങ്ങുമെൻ കേരള ദേശമേ
എന്നും നിനക്കെൻറെ കൂപ്പുകൈകൾ!
ഏശാതെ ദോഷങ്ങളൊന്നുമേയെൻ ജന്മ-
ദേശമേ, നീണാൾ നീ വാഴ്ക! വാഴ്ക!

Print Friendly, PDF & Email

One Thought to “എൻ്റെ ജന്മദേശം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ”

  1. K. Rajan

    ഗൃഹാതുരത്വമുണർത്തുന്ന വരികൾ ! കേരള ദിന ആശംസകൾ!

Leave a Comment

More News