സേവനത്തിന്റെ മുഖമായ പെൺകരുത്ത് വീണ്ടും അങ്കത്തട്ടിൽ

ഹ്യൂസ്റ്റൺ: 2018 ലെ ഇലക്ഷനിൽ ടെക്സസിലെ ഫോട്ബെൻഡ് കൗണ്ടി നീലവർണമണിഞ്ഞ് ഡെമോക്രാറ്റിക് പാർട്ടിയുടെ കൈകളിലേക്ക് പതിച്ചപ്പോൾ അന്നത്തെ വിജയത്തിന്റെ ശില്പികളിൽ ഒരാളായിരുന്നു ജഡ്ജ് ജൂലി മാത്യു. ടെക്സസിലെ ആദ്യ ഏഷ്യൻ അമേരിക്കൻ വനിതാ ജഡ്ജായി. ഇന്ന് പൂർവാധികം ശക്തിയോടെ മലയാളത്തിന്റെ പെൺകരുത്ത് കച്ചമുറുക്കി അങ്കത്തട്ടിൽ ഇറങ്ങിയിട്ടുണ്ട്. പതിനഞ്ചു വർഷത്തെ നിയമ പരിജ്ഞാനവും നാലുവർഷം ജഡ്ജായി ഇരുന്ന അനുഭവ സമ്പത്തുമായിട്ടാണ് ജഡ്ജ് ജൂലി മാത്യു പോരിനിറങ്ങിയിരിക്കുന്നത്.

കോടതികൾ ജനങ്ങൾക്കുവേണ്ടി ആയിരിക്കണം എന്നതാണ് ജൂലിയുടെ മുദ്രാവാക്യം. തന്റെ കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തനത്തിൽ ജൂലി അത് തെളിയിച്ചു കഴിഞ്ഞു. കോവിഡ് കാലത്തേ ലോക്ക് ഡൗണിൽ കോടതികളും കൗണ്ടി ഓഫീസുകളും അടഞ്ഞു കിടന്നപ്പോഴും ജൂലി പ്രവർത്തനനിരതയായിരുന്നു. കോവിഡ് സമയത്തു ഫിയാൻസി വിസയിലെത്തി കല്യാണം നടത്താൻ കഴിയാതെ തിരിച്ചുപോകേണ്ടിവരുമായിരുന്ന മലയാളി ചെറുപ്പക്കാരന് മുന്നിൽ പള്ളിയും പട്ടക്കാരനും വരെ കൈമലർത്തിയപ്പോൾ തുണയായതു് ജൂലി മാത്യു എന്ന ജഡ്ജാണ്. ഫോട്ബെൻഡിലെ കൗണ്ടി ഓഫീസ് തുറക്കാൻ കഴിയാതിരുന്ന മാര്യേജ് ലൈസൻസ് നൽകിയ ജൂലി തൊട്ടടുത്ത വാർട്ടൻ കൗണ്ടിയിലെ കോടതിയിൽ കൊണ്ടുപോയി വിവാഹം രജിസ്റ്റർ ചെയ്തു കൊടുത്തു. അന്ന് അമേരിക്കൻ മാധ്യമങ്ങൾക്കൊപ്പം ഏഷ്യാനെറ്റിലും വാർത്തകൾ വന്നിരുന്നു.

പത്താം വയസിൽ ഫിലഡൽഫിയയിൽ എത്തിയ ജൂലി സ്കൂൾ വിദ്യാഭ്യാസം അവിടെ പൂർത്തിയാക്കി. പെൻസിൽവാനിയ സ്റ്റേറ്റിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കി അവിടെയാണ് പ്രാക്റ്റീസ് തുടങ്ങിയത്. 2002 ൽ ഹ്യൂസ്റ്റനിൽ എത്തി ടെക്സാസ് ലോ ലൈസൻസ് കരസ്ഥമാക്കി പ്രാക്ടീസ് തുടങ്ങി. 2018 ൽ തിരഞ്ഞെടുപ്പിലൂടെ 58 ശതമാനം വോട്ടുകൾ നേടി ടെക്സസിലെ ആദ്യ ഏഷ്യൻ അമേരിക്കൻ ജഡ്ജായി.

മകളെ മാറോടു ചേർത്ത് ജൂലി മാത്യു ജഡ്ജായി സത്യപ്രതിജ്ഞ ചെയ്യുന്നു. ഭർത്താവ് ജിമ്മി സമീപം

ഫോര്‍ട്ബെൻഡ് കൗണ്ടിയിലെ എല്ലാവിധ കേസുകളും കൈകാര്യം ചെയ്യുന്ന കൗണ്ടി കോർട്ട് 3 ലെ ജഡ്‌ജിയാണ് ജൂലി മാത്യു.

നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പല കാര്യങ്ങളും കോടതിയുടെ ഇടപെടലിൽ നിസ്സാരമായി പരിഹരിക്കാമെന്ന് ജൂലി മാത്യു തെളിയിച്ചു. അതുപോലെ മാനസികമായി പ്രശനങ്ങൾ ഉള്ള കുട്ടികൾക്ക് കാലതാമസം കൂടാതെ പരിഹാരം ഉണ്ടാക്കാൻ കഴിയുന്ന ജുവനൈൽ മെന്റൽ ഹെൽത്ത് കോർട്ടുകൾ ഫോട്ബെൻഡ് കൗണ്ടിയിൽ ഉണ്ടാക്കാൻ മുൻകൈ എടുത്തതും ജൂലി മാത്യൂ ആണ്. അറിവില്ലായ്മ കാരണം നിയമത്തിന്റെ കുരുക്കിൽ പെട്ട മലയാളികൾ ഉൾപ്പടെയുള്ള നിരവധി ചെറുപ്പക്കാരെ നിയമ സഹായത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ജൂലിക്ക് കഴിഞ്ഞിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്സെപ്ഷണൽ ലീഗൽ പ്രൊഫെഷണൽ അവാർഡ് ജൂലി മാത്യു നേടിയിരുന്നു. ലുലാക് എന്ന ഹിസ്പാനിക് സംഘടന, ഹ്യൂസ്റ്റൺ ലോയർ അസോസിയേഷൻ, ടെക്സാസ് ഡെമോക്രാറ്റിക്‌ വിമൻ, ഏഷ്യൻ അമേരിക്കൻ ഡെമോക്രാറ്റ്സ് ഓഫ് ടെക്സാസ് എന്നീ സംഘടനകൾ ജൂലിയെ അംഗീകരിച്ച് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

തിരുവല്ല വെണ്ണിക്കുളം തിരുവാറ്റാൽ മണ്ണിൽ തോമസ് ഡാനിയേൽ സൂസമ്മ ദമ്പതികളുടെ പുത്രിയാണ് ജൂലി മാത്യു. വ്യവസായിയായ കാസർഗോഡ് വാഴയിൽ ജിമ്മി മാത്യുവാണു ഭർത്താവ്. അലീന, അവാ, സോഫിയ എന്നിവർ മക്കളും.

ഫോര്‍ട്ബെൻഡ് കൗണ്ടിയിൽ താമസക്കാരായ മലയാളികൾക്ക് ജൂലിയുടെ വിജയം ഉറപ്പാക്കാൻ കഴിയും. ദയവായി എല്ലാവരും വോട്ടു ചെയ്ത് ജൂലിയെ വിജയിപ്പിക്കണമെന്നപേക്ഷിക്കുന്നു. കാരണം, ഇതുപോലെയുള്ള ജനകീയ ജഡ്ജിമാർ നമുക്ക് ഇനിയും വേണം.

Print Friendly, PDF & Email

Leave a Comment

More News