ചെന്നൈയിൽ വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു

ചെന്നൈ: ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള വണ്ടല്ലൂരിനടുത്തുള്ള വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് കുടുംബത്തിലെ നാല് പേർ ദുബായിൽ നിന്ന് ചെന്നൈയിലെത്തിയത്. വി. ഗിരിജ (63), സഹോദരി എസ്. രാധ (55), സഹോദരൻ എസ്. രാജ് കുമാർ (45) എന്നിവരാണ് മരിച്ചത്.

രാജ് കുമാറിന്റെ ഭാര്യ ഭാർഗവി (40), മകൾ ആരാധന (7) എന്നിവരെ ശ്വാസതടസ്സത്തെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗിരിജയുടെ ഭർത്താവ് വെങ്കിട്ടരാമൻ ഒരു വർഷം മുമ്പ് അസുഖത്തെ തുടർന്ന് മരിച്ചതായി പോലീസ് പറഞ്ഞു. ചെങ്കൽപട്ട് ജില്ലയിലെ വണ്ടലൂരിലെ കിളമ്പാക്കത്ത് കോതണ്ഡരാമൻ നഗറിലെ ജയലക്ഷ്മി സ്ട്രീറ്റിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ഒന്നാം നിലയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. വെങ്കിട്ടരാമന്റെ മരണശേഷം ഗിരിജ മകനോടൊപ്പം ദുബായിലേക്ക് താമസം മാറി. വീട് ഒഴിഞ്ഞുകിടക്ക കയായിരുന്നു.

വ്യാഴാഴ്ച രാത്രി ഗിരിജ സഹോദരന്റെ കുടുംബത്തോടൊപ്പം ചെന്നൈയിൽ വന്ന് അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് വീട്ടിലേക്ക് പോകാനൊരുങ്ങുകയായിരുന്നു കുടുംബമെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഷോർട്ട് സർക്യൂട്ട് മൂലമോ ഫ്രിഡ്ജിലെ വയറുകളുടെ തകരാർ മൂലമോ വീട്ടിലെ റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതായി പോലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ടവർ ഉറങ്ങിക്കിടന്ന വീട്ടിൽ ഗ്യാസ് നിറഞ്ഞിരുന്നു. രാജ് കുമാറിന്റെ ഭാര്യ ഭാർഗവിയും മകൾ ആരാധനയും ഒരു മുറിയിലും ഗിരിജ, രാധ, രാജ് കുമാർ എന്നിവർ സ്വീകരണമുറിയിലും ഉറങ്ങുകയായിരുന്നു. ഗ്യാസും തത്ഫലമായുണ്ടാകുന്ന തീയിൽ നിന്നുള്ള പുകയും, അലാറം അടിക്കുന്നതിനു മുമ്പു തന്നെ മൂവര്‍ക്കും ശ്വാസം മുട്ട് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഭാർഗവി സഹായത്തിനായി നിലവിളിച്ചതോടെ അയൽവാസികൾ വാതിൽ തകർത്ത് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് മറൈമലൈ നഗറിൽ നിന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാതിൽ തകർത്തു. ഗിരിജ, രാധ, രാജ് കുമാർ എന്നിവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചെങ്കൽപട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗുഡുവാഞ്ചേരി പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ചെങ്കൽപട്ട് ജില്ലാ കളക്ടർ രാഹുൽ നാഥും മറ്റ് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തി.

പ്രാഥമിക അന്വേഷണത്തിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതായും അതിൽ നിന്നുള്ള വാതകം ഇരകൾ ഉറങ്ങുന്ന മുറിയില്‍ നിറഞ്ഞതായും സൂചിപ്പിക്കുന്നു. ഏറെ നാളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി മാത്രമാണ് വീട്ടുകാർ ഇത് തുറന്ന് അകത്തു കയറിയത്. ടാംഗഡ്‌കോയിലെ എഞ്ചിനീയർമാരും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

“എല്ലാ താമസക്കാരോടും അവരുടെ റഫ്രിജറേറ്ററുകൾ, എയർകണ്ടീഷണറുകൾ, എല്ലാ വൈദ്യുതി കണക്ഷനുകളും ഒരു ഇലക്ട്രീഷ്യന്റെ സഹായത്തോടെ പരിശോധിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. വളരെക്കാലമായി ആള്‍താമസമില്ലാതെ കിടക്കുന്ന ഒരു വീട്ടില്‍ താമസിക്കുന്നതിന് മുമ്പ് ഇവയെല്ലാം പരിശോധിക്കണം,” കളക്ടർ രാഹുൽ നാഥ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News