മലയാളികൾക്ക് അഭിമാന നിമിഷം; മിസോറി സിറ്റി മേയറായി റോബിന്‍ ഇലക്കാട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ഹ്യൂസ്റ്റണ്‍: മിസോറി സിറ്റി മേയറായി മലയാളിയായ റോബിൻ ഇലക്കാട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യോലാൻഡാ ഫോർഡിനെയാണ് റോബിൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു വർഷം മിസോറി സിറ്റിയെ അമേരിക്കയിലെ ഏറ്റവം നല്ല നഗരങ്ങളിലൊന്നായി വളർത്തിയെടുത്ത, മലയാളികളുടെ മാത്രമല്ല ഏഷ്യൻ വംശജരുടെ അഭിമാനയായി മാറിയ റോബിന്റെ വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.

മേയറായതിന് ശേഷം അദ്ദേഹം നടപ്പിൽ വരുത്തിയ പദ്ധതികൾക്ക് കണക്കില്ല. പ്രത്യേകിച്ച് പൊതുജന സുരക്ഷ, നികുതി ഇളവുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. പുതിയ ബിസിനസ് സംരംഭങ്ങൾ സിറ്റിയിൽ വരാൻ നികുതിയിളവ് ഉൾപ്പെടെയുള്ളവ കൊണ്ട് സാധിച്ചു. പ്രോപ്പർട്ടി ടാക്സ് കുറയ്ക്കുകയും, മുതിർന്നവർക്കും വികലാംഗർക്കും പ്രത്യേക നികുതിയിളവ് നൽകിയത് സിറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു . ജനങ്ങളുടെ മേൽ അമിതമായ നികുതിഭാരം അടിച്ചേൽപ്പിക്കാതെ സുസ്ഥിരമായ ഒരു ഭരണ സംവിധാനമാണ് റോബിൻ ഇലക്കാട്ട് നടപ്പിലാക്കിയത്. സിറ്റി സ്റ്റാഫിന്റേയും കൗൺസിലിന്റേയും സഹകരണത്തോടെ കഴിഞ്ഞ രണ്ട‌ു വർഷമായി സ്കൂൾ, നഗര ഇവന്റുകൾ സംഘടിപ്പിക്കപ്പെട്ടു. പൊതുജനവുമായി കൂടുതൽ ഇടപെഴകുവാനും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുവാനും സാധിച്ചു. ഒരു യുണൈറ്റഡ് സിറ്റിയായി മിസ്സൂറി സിറ്റിയെ ഉയർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്ന് റോബിൻ ഇലക്കാട്ട് പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷം നടപ്പിലാക്കിയ പദ്ധതികളായിരുന്നു അദ്ദേഹത്തിന്റെ മുതൽക്കൂട്ട്. ഇനിയുള്ള പ്രവർത്തനങ്ങൾ മുൻ കാല വികസനത്തിന്റെ ബാക്കിയാണ്. അമേരിക്കയിലെ ഏറ്റവും നല്ല നഗരമായി മിസോറിയെ വളർത്തിയെടുക്കുവാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് റോബിൻ ഇലക്കാട്ട് പറഞ്ഞു. മലയാളികൾക്ക് മാത്രമല്ല ഈ വിജയത്തിൽ അഭിമാനമുള്ളത്. അമേരിക്കൻ ജനതയും ഏഷ്യൻ സമൂഹവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. റോബിൻ ഇലക്കാട്ട് ഏവർക്കും ഒരു മാതൃകയായ ഒരു നേതാവായി ഇനിയും മുന്നേറാൻ മലയാളി സമൂഹത്തിന് അദ്ദേഹത്തിനൊപ്പം നിൽക്കാം, പ്രവർത്തിക്കാം.

2022 ഓഗസ്റ്റ് ഒന്നിന് രണ്ടാം ടേമിലേക്കുളള നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ തന്റെ പിതാവ് ഫിലിപ്പ് ഇലക്കാട്ട് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം മരണപ്പെട്ട അമ്മ ഏലിയാമയുടെ അനുഗ്രഹവും തന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഉണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഭാര്യ ടീന, മക്കൾ ലിയയും, കെയ്റ്റിലിനും എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി ഒപ്പമുള്ളത് ഒരു ജന നേതാവിന്റെ വിജയം തന്നെ.

കോട്ടയം ജില്ലയിലെ കുറുമുള്ളൂർ ഗ്രാമത്തിലാണ് റോബിൻ ജനിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ യുഎസിലേക്ക് പറന്നു. നാൽപതു വർഷമായി റോബിൻ യുഎസിലെത്തിയിട്ട്. അമ്മ ഏലിയാമ്മ ഫിലിപ്പാണ് ആദ്യം യുഎസിൽ എത്തിയത്. പിന്നീട് പിതാവിനൊപ്പം റോബിനും എത്തി. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആരോഗ്യമേഖലയിലായിരുന്നു ജോലി. സ്വന്തമായി ബിസിനസുമുണ്ട്.

2009 ൽ നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ച് കൗൺസിൽ മെമ്പറായി. 2011 ലും 2013 ലും എതിരില്ലാതെ കൗൺസിൽ സ്ഥാനാർഥിയായി ജയിച്ചു. എങ്കിലും 2015 ൽ രാഷ്ട്രീയ ജീവിതത്തിൽനിന്ന് ചെറിയൊരു ഇടവേളയെടുത്തു. പിന്നീട് അഞ്ചുവർഷത്തിന് ശേഷം 2020 ലാണ് തിരഞ്ഞെടുപ്പിൽ മൽസരിച്ച് മിസോറി മേയറായത്.

Print Friendly, PDF & Email

Leave a Comment

More News