ഇല്ലിനോയ്സ്: ഇന്നലെ (നവംബര്‍ 8) നടന്ന ഇല്ലിനോയ്സ് സംസ്ഥാനത്തിന്റെ 103-മത് ജനറൽ അസംബ്ലിയിലേക്ക് 2022 നവംബർ 8 ന് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ കെവിന് ഓലിയ്ക്കലിന് വന്‍ വിജയം.
118 ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ഈ തിരഞ്ഞെടുപ്പിൽ, കെവിൻ 16-ആം ഡിസ്ട്രിക്റ്റില്‍ നിന്ന് പ്രൈമറി വിജയിക്കുകയും പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു. ഇല്ലിനോയിസിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, കമ്മ്യൂണിറ്റി നേതാക്കൾ, ശക്തമായ യൂണിയനുകൾ എന്നിവരുടെ അംഗീകാരം കെവിൻ നേടിയിരുന്നു.
എബ്രഹാം ലിങ്കണും ബരാക് ഒബാമയും പാർലമെന്ററി ജീവിതം ആരംഭിച്ച ഇല്ലിനോയിസ് ജനറൽ അസംബ്ലിയിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കെവിൻ ഓലിക്കലിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യാക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, അഭിമാനിക്കാവുന്ന വിജയമാണ് കെവിന് നേടിയത്.
ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന് ഇല്ലിനോയ്സ് സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കെവിന്റെ പിതാവ് മൂവാറ്റുപുഴ വാഴക്കുളം ഓലിക്കൽ ജോജോ ഇല്ലിനോയ്സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഉദ്യോഗസ്ഥനാണ്. പാലാ കടപ്ലാമറ്റം കാരിക്കൽ കുടുംബാംഗമായ മാതാവ് സൂസന് കെമിസ്റ്റ് ആണ്.