കേരളത്തിലെ വ്യാജ സാംസ്‌കാരിക ദുരന്തങ്ങൾ

കേരളത്തിൽ പുതിയൊരു രാഷ്ട്രീയ സംസ്‌കാരം ഇരമ്പിനീങ്ങുന്നു. ഇന്ത്യയിൽ തൊഴിൽരഹിതരുടെ ഹൃദയസ്പന്ദനങ്ങൾ കൂടുകയാണ്. 2014-ൽ ബി.ജെ.പി. സർക്കാർ ഭരണത്തിൽ വന്നപ്പോൾ പ്രധാനമന്ത്രി നിസ്സങ്കോചം പ്രഖ്യാപിച്ചത് രണ്ട് കോടി തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ്. അങ്ങനെ സംഭവിച്ചില്ല. അതിനിടയിലാണ് നാടുവാഴികളെപോലെ ചില കക്ഷി രാഷ്ട്രീയക്കാർ അഴിമതി നടത്തി ഇന്ത്യയിലെങ്ങും പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ നടക്കുന്നതൊന്നും അഭിനന്ദനീയനങ്ങളല്ല. ജാതീ യമായ ജീർണ്ണതകൾ, പട്ടിണി, ദാരിദ്ര്യം ഇന്ത്യയിലെങ്ങും തലയുയർത്തി നിൽക്കുമ്പോൾ എങ്ങും പാഞ്ഞെത്തുന്നത് രാഷ്ട്രീയ സ്വജന പക്ഷവാത നിയമനങ്ങളാണ്. രാഷ്ട്രീയത്തിൽ മാത്രമല്ല കലാസാഹിത്യ സാംസ്‌കാരിക ഏത് രംഗമെടുത്താലും വ്യാജന്മാരെ ഓരോരോ രാഷ്ട്രീയപാർട്ടികൾ കുത്തിനിറച്ചിരിക്കുന്നത് കാണാം. മുൻ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അങ്ങനെ പലരുമുണ്ട്. ഇത് അത്യന്തം ഗുരുതര വീഴ്ചകളാണ്. കാലാകാലങ്ങളായി സമൂഹത്തിൽ നീറിപ്പുകയുന്ന ഈ വ്യാജ പ്രത്യുപകാര നീതിനിഷേധങ്ങൾ ചോദ്യശരങ്ങളായി ആത്മസംഘർഷങ്ങളിലേക്ക് വഴിനടത്തുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാനവപുരോഗതിയെ സോഷ്യലിസത്തിന്റെ പാതയിൽ സാമൂഹ്യവും ധാർമ്മികവുമായ പരിവർത്തനത്തിലൂടെ സഞ്ചരിക്കുന്നവരാണ്. അവരുടെ സാമൂഹ്യബോധത്തെ വികലമാക്കുന്ന ഒരു പ്രവർത്തി ആസൂത്രിതമായി ചെയ്യുമെന്ന് കരുതാൻ പ്രയാസമാണ്. തിരുവനന്തപുരം മേയർ ഉരുക്കുപോലെ ഉറപ്പിച്ചു പറയുന്നു. വ്യാജ കത്തിൽ താൻ ഒപ്പുവെച്ചിട്ടില്ല. പ്രതിപക്ഷം ചോദിക്കുന്നു. മേയർ അല്ലാതെ ആരാണ് ഒപ്പിട്ടത്? എന്തുകൊണ്ട് വ്യാജനെ കണ്ടുപിടിക്കുന്നില്ല?

നമ്മുടെ വിദ്യാസമ്പന്നർ ഒരു ജോലിക്കായി ശബ്ദമുഖരിതമായ തെരുവോരങ്ങളിൽ അലഞ്ഞുനടക്കുന്നു. ജീവിതവും പട്ടിണിയും ഒരുപോലെ ഉറ്റുനോക്കുമ്പോൾ ജന്മനാട്ടിൽ നിന്ന് വിദേശത്തേക്ക് ആട്ടിയോ ടിക്കപ്പെടുന്നു. വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന കൊള്ളമൂലം കുട്ടികൾ വിദേശത്തു് പഠിക്കാൻ പോകുന്നു. ജനങ്ങളിൽ മുഴങ്ങികേൾക്കുന്ന ഒരു യാഥാർഥ്യമാണ് നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന രാഷ്ട്രീയ പിൻവാതിൽ നിയമനം അല്ലെങ്കിൽ സ്വജനപക്ഷവാതം. ജീവിതത്തിന്റെ ദാരുണമായ ഒരവസ്ഥയാണ് യോഗ്യരായവർ തള്ളപ്പെടുന്നത്. ഒരു യഥാർത്ഥ സോഷ്യലിസ്റ്റ് ആരുടേയും ആദരവ് പിടിച്ചുപറ്റുന്നതുപോലെ ഉന്നത നിലവാരമുള്ള എഴുത്തുകാരൻ ആരുടേയും വീടുപണി ചെയ്യുന്നവനല്ല. ഈ ആധുനിക ലോകത്തിൽ പ്രാകൃതമായ ജാതിമതങ്ങളെ വിധ്വംസക ശക്തികളെ എതിർക്കുന്ന, മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നതിനെതിരെ നിലകൊള്ളുന്ന ഒരു പാർട്ടി കഷ്ടപ്പെട്ട് പഠിച്ചവന്റെ അവകാശം കവർന്നെടുക്കില്ല. അങ്ങനെയുണ്ടായാൽ ഹൃദയത്തിൽ തീ ആളിക്കത്തും അത് ഹൃദയഭേദകമാണ്. ദരിദ്രരുടെ പട്ടികയിൽ ഉന്നത റാങ്ക് വാങ്ങിയ നമ്മുടെ രാജ്യം പട്ടിണിയിൽ അയഞ്ഞുപോകുന്ന വസ്ത്രങ്ങൾപോലെ നിലത്തു് ഊർന്നുവീണുലയുന്ന തൊഴിൽ രഹിതരുടെ സങ്കടമൂർച്ചകൾ കേരളത്തിലുണ്ടാകരുത്.

കേരളത്തിൽ ബോധപൂർവ്വം ഒരു ഗവർണ്ണർ ബി.ജെ.പിക്ക് വേണ്ടി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നത് സജീവ ചർച്ചയായി മാറുന്നു. അദ്ദേഹം മുന്നോട്ട് വെക്കുന്ന ആശയം എന്തായാലും സർവ്വകലാശാലകളുടെ കാര്യത്തിൽ എടുത്തിട്ടുള്ള നിയമനങ്ങൾ അമൂർത്തമായ ഒരു മാനദണ്ഡമുള്ളപ്പോൾ ശുപാർശകൾ നടത്തുക അതിന് ഗവർണ്ണർ കുടപിടിക്കുക ഗുരുതരമായ ചട്ടലംഘനങ്ങൾ തന്നെയാണ്. സുപ്രിം കോർട്ടും അതിന് അടിവരയിടുന്നു. സത്യത്തിൽ കേരളം ഭരിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികൾ പരമ്പരാഗത നാലുകെട്ടുപോലെ പിൻവാതിൽ നിയമനങ്ങൾ പല വകുപ്പുകളിലും കൈക്കൂലി വാങ്ങി നടത്തിയ പാരമ്പര്യമാണുള്ളത്. കലാ സാഹിത്യസാംസ്‌കാരിക രംഗങ്ങളിലും ഇതൊരു മുഴങ്ങുന്ന ശബ്ദമായി മാറുന്നുണ്ട്. ആരും രംഗത്ത് വരില്ല. അത്യന്തം നാടകീയമാണ് അതിനുള്ളിൽ നടക്കുന്ന മിന്നലാട്ടങ്ങൾ. എഴുത്തുകാരെന്ന് മേനിപറഞ്ഞു നടക്കുന്ന ചുരുക്കം ചില പ്രവാസി എഴുത്തുകാർ വിലപിടിപ്പുള്ള സമ്മാനപ്പൊതികൾ, സഹായങ്ങൾ ചെയ്തിട്ടാണ് രാഷ്ട്രീയ നേതാക്കൾ വഴി പുസ്തകങ്ങൾ വരെ ഇറക്കുന്നത്. ഒരു സ്വകാര്യ വിദ്യാഭ്യാസ സ്‌കൂൾ മാനേജർ എത്രയോ ലക്ഷങ്ങളാണ് കഷ്ടപ്പെട്ട് പഠിച്ചവരിൽ നിന്ന് അദ്ധ്യാപക നിയമനത്തിന് കൈക്കൂലിയായി വാങ്ങുന്നത്? സർക്കാർ സംവിധാനങ്ങൾ അശരണന്റെയും ആലംബഹീനരുടെയും സ്ഥാപനങ്ങളാണ്. അവിടെ കൈക്കൂലി വാങ്ങാൻ രാഷ്ട്രീയക്കാർ നിൽക്കുന്നത് അവരുടെ നല്ല നടപ്പിന് ചേർന്നതല്ല. എന്റെ നാട്ടിൽ ഒരു പാർട്ടിക്ക് പിരിവ് കൊടുക്കാത്തതിന്റെ പേരിൽ എന്നെയും അപമാനിച്ചിട്ടുണ്ട്. ഇതെല്ലം സൂചിപ്പിക്കുന്നത് സങ്കുചിതമായ സദാചാരബോധമാണ്. അറിവിന്റെ, യാത്രാനുഭവങ്ങളുടെ വിശാലമായ മടിത്തട്ടിലേക്ക് വന്നാൽ മനസ്സ് പക്വത പ്രാപിക്ക മാത്രമല്ല അനീതിയെ എതിർക്കാനുള്ള ജീവിതവീക്ഷണവുമുണ്ടാകും. ഒരു ജോലിക്കായി കണ്ണും കാതും തുറന്നിരിക്കുന്ന വിദ്യാസമ്പന്നർ അനുഭവിക്കുന്ന മനസികാഘാതങ്ങൾ വലുതാണ്. അവരുടെ പ്രതിഷേധങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക വികാസത്തിന് പുഴുവരിച്ചുതുടങ്ങിയോ?

എന്റെ ഒരു ബന്ധു സ്ഥലം യൂത്തു കോൺഗ്രസ് ഭാരവാഹിയായിരിന്നു. അദ്ദേഹത്തിന് പൊലീസിൽ ജോലി കിട്ടിയത് അവിടുത്തെ ഒരു മുതിർന്ന കോൺഗ്രസ് നേതാവു് വഴിയാണ്. വിദ്യാസമ്പന്നരായവർ മറുഭാഗത്തു് നിൽക്കുമ്പോഴാണ് ഈ ചതിയും വഞ്ചനയും നടക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ചുമരുകൾക്കുള്ളിൽ നിന്ന് വരുന്നവരിൽ കൂടുതലും രാഷ്ട്രീയ ഗുണ്ടകളാണ്. ഇവരെ കൂടുതലും കാണുന്നത് പൊലീസ്ഇതര വകുപ്പുകളിലാണ്. കൈക്കൂലികൊടുത്തു് തൊഴിൽ നേടിയവർ അവരുടെ ആകാരത്തിലും ഇടപെടലുകളിലും കൈക്കൂലി അഴിമതി നടത്തി വളരുകയല്ലാതെ സത്യവും നീതിയും നടപ്പാക്കാനാകില്ല. അവിടെ വളരുന്നത് അരാജകത്വമാണ്. ഇതുമൂലം സത്യം നീതി നടപ്പാക്കുന്ന വിദ്യാസമ്പന്നരായ പൊലീസ് സേനയിലുള്ള വർക്ക് തലവേദനകൾ ധാരാളമാണ്.പൊലീസ് സേനയെ, ഇതര വകുപ്പിലുള്ളവരെ കരിവാരിത്തേക്കുന്ന ഈ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം. ഇത്തരക്കാർ സർക്കാർ വകുപ്പുകളിൽ വന്നാൽ ഇവരുടെ മനസ്സും മനഃസാക്ഷിയും രാഷ്ട്രീയ മേലാളന്മാർക്ക് അടിമപ്പെടുത്തിയിരിക്കുക മാത്രമല്ല ജനത്തിന് യാതൊരു ഗുണവും ലഭിക്കില്ല. ഇങ്ങനെ തൊഴിൽ രംഗത്തും കലാ സാംസ്‌കാരിക രംഗങ്ങളിലും ധാരാളം അടിമകളെ പാവപ്പെട്ടവന്റെ നികുതിപണം കൊടുത്തു് തീറ്റിപ്പോറ്റുന്നുണ്ട്. സത്യത്തെ മൂടിവെയ്ക്കുകയും മാനുഷിക മൂല്യങ്ങളെ മനഃപൂർവ്വം നിഷേധിക്കുകയും ചെയ്യുന്ന വാദിപ്രതിയായി മാറുന്ന, വ്യാജന്മാർ പെറ്റുപെരുകുന്ന ഒരു കാലഘട്ടമുണ്ടായിട്ടില്ല.ഇവിടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒരുപൊളിച്ചെഴുത്തു് നടത്തേണ്ടത്. യാതൊരു മറയും മുഖംമൂടിയുമില്ലാതെ മേയറുടെ പേരിലുണ്ടാക്കിയ വ്യാജ കത്തിന്റെ ഉടമയെ കണ്ടെത്തണം. എന്തും തെരുവുകളിൽ വലിച്ചിഴക്കുന്നത് ബോധപൂർവ്വമാണോ?

സി.പി.ഐ സെക്രട്ടറി പറഞ്ഞത് എന്തിനാണ് ഒരു ഗവർണ്ണർ? 1990-ൽ തകഴി ശിവശങ്കരപ്പിള്ള സാർ അവതാരിക എഴുതിയ എന്റെ നോവൽ ‘കണ്ണീർപ്പൂക്കൾ’ എസ്.പി.സി.എസിലുണ്ട്. ഈ സെക്രട്ടറി ഇപ്പോൾ പറഞ്ഞത് 1990-ൽ ഞാൻ എഴുതിയതാണ്. എന്റെ നോവലിലെ ഗവർണ്ണർ ഒരു കഞ്ചാവ് മാഫിയയുടെ ഏജന്റ് ആയിരുന്നുവെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പറയുന്നത് ഈ ഗവർണ്ണർ ബി.ജെ.പിയുടെ ഏജന്റ് എന്നാണ്. എന്തിനാണ് ജനങ്ങളുടെ നികുതി പണം കൊടുത്തുകൊണ്ട് ഒരു ഗവർണ്ണറെ ആഡംബര കൊട്ടാരത്തിൽ താമസിപ്പിച്ചിരിക്കുന്നത്? നോവലിൽ ഗവർണ്ണർ മാത്രമല്ല എന്തിനാണ് മന്ത്രിമാരും പരിവാരങ്ങളും? ഓരോ ജില്ലയ്ക്കും ഓരോ കളക്ടർമാരില്ലേ? അവരെ ഭരിക്കാൻ ഗവർണ്ണർ പോലുള്ള പദവിയും പരിവാരങ്ങളും പോരായോ? പൊളിച്ചെഴുതണം നമ്മുടെ ജനാധിപത്യ വ്യവസ്ഥതി ഇല്ലെങ്കിൽ നാടുവാഴികൾ ഒന്നുമറിയാതെ ഇരുന്നുണ്ടുകൊണ്ടിരിക്കും. അദ്ധ്വാനവർഗ്ഗത്തിന്റെ നികുതിപ്പണം പലവിധത്തിൽ ധൂർത്തുകളായി എഴുതിത്തള്ളും. രാഷ്ട്രീയ രംഗത്ത് മാത്രമല്ല കലാ സാഹിത്യ സാംസ്‌കാരിക ഇതര രംഗങ്ങളിൽ അനധികൃതമായി കടന്നുകയറിയിട്ടുള്ള വ്യാജന്മാരെ അന്വേഷണ പരിധിയിൽ കൊണ്ടുവരണം. മറ്റുള്ളവർക്ക് മാതൃക കാട്ടുന്ന കേരളം തുല്യ നീതി, സമത്വം, സാഹോദര്യം കേരളത്തിൽ നടപ്പാക്കാതെ പോയാൽ ദൂരവ്യാപകമായ സാംസ്‌കാരിക ദുരന്തം കേരളത്തിലുണ്ടാകുമെന്നുള്ളത് ഓരോരുത്തരുമോർക്കുക.

Print Friendly, PDF & Email

Leave a Comment

More News