മകന്റെ വിവാഹ ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച് പാവപ്പെട്ട കുടുംബത്തിന് വീട് വെച്ചു നല്‍കി

ആലത്തൂര്‍: ഏറ്റവും ആർഭാടത്തോടെ വിവാഹം നടത്താമായിരുന്നിട്ടും കാവശ്ശേരി പഞ്ചായത്ത് റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വടക്കാഞ്ചേരി ആയക്കാട് നൊച്ചിപ്പറമ്പ് ദിലീപ് കുമാര്‍ തന്റെ മകൻ രാഹുലിന്റെ വിവാഹം ലളിതമായി നടത്തി. ആ പണം കൊണ്ട് ഒരു പാവപ്പെട്ട കുടുംബത്തിന് വീടു വെച്ചു നല്‍കി മാതൃകയായി.

2017ലെ വെള്ളപ്പൊക്കത്തിൽ കാവശ്ശേരി മുതലക്കുളം കോളനിയിലെ കോതയുടെ വീട് തകർന്നു പോയിരുന്നു. പിന്നീട് കോത തന്റെ പെൺമക്കളോടൊപ്പം ഓല കൊണ്ടു മറച്ച ഒറ്റമുറി ഷെഡിലായിരുന്നു താമസം. അയൽപക്കത്തെ വീടുകളിലാണ് രാത്രി അന്തിയുറങ്ങിയിരുന്നത്.

കോതയുടെ സ്വന്തമെന്ന് പറയാന്‍ ആകെയുള്ള രണ്ടര സെന്റ് ഭൂമിക്ക് ആധാരമില്ലാത്തതിനാല്‍ സൗജന്യ ഭവനിര്‍മാണ പദ്ധതികള്‍ക്കൊന്നും അര്‍ഹരായതുമില്ല. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ മൂത്ത മകള്‍ ശാരദയും അവിവാഹിതയായ രണ്ടാമത്തെ മകള്‍ ശാന്തയുമാണ് കോതയ്‌ക്കൊപ്പമുള്ളത്.

2019ൽ ജോലിയിൽ നിന്ന് വിരമിച്ച ദിലീപ് കുമാർ പിന്നീട് കോതയെ സഹായിക്കാനുള്ള ശ്രമങ്ങൾ നടത്തി. സർക്കാർ പദ്ധതികൾ ലഭിക്കില്ലെന്ന് വ്യക്തമായതോടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് കോതയ്ക്ക് വീട് നിർമ്മിച്ചു നല്‍കാന്‍ തീരുമാനിച്ചു. ദിലീപ്കുമാറിന്റെ തീരുമാനത്തിന് ഭാര്യ കുഴൽമന്ദം ജിഎച്ച്എസ് റിട്ട. പ്രധാനാദ്ധ്യാപിക സൗമിനി, മറൈൻ എൻജിനീയറായ മകന്‍ രാഹുൽ, വിദ്യാർഥിയായ റോഷൻ എന്നിവർ കൂടെ നിന്നു.

ഇതോടെയാണ് 5.75 ലക്ഷം രൂപ ചെലവില്‍ അടുക്കളയും കിടപ്പുമുറിയും ഹാളും ഇടനാഴിയും ശുചിമുറിയും ഉള്‍പ്പെടുന്ന മനോഹരമായ വീട് ഒരുക്കിയത്. കഴിഞ്ഞ മാസം 29ന് ആയിരുന്നു അരൂര്‍ സ്വദേശിനി ഡോ.രത്‌നമണിയുമായി രാഹുലിന്റെ വിവാഹം നടന്നത്.

വിവാഹദിവസം വീട് കൈമാറാനായിരുന്നു ഇവരുടെ ആഗ്രഹമെങ്കിലും സന്തോഷത്തിൽ പങ്കെടുക്കാൻ മന്ത്രി കെ.രാധാകൃഷ്ണൻ എത്തുമെന്ന് അറിയിച്ചതോടെ ചടങ്ങ് തിങ്കളാഴ്ച നടത്താൻ തീരുമാനിക്കുകയായിരുന്നു. വൈകീട്ട് മൂന്നു മണിക്ക് മന്ത്രി കോതയ്ക്കും മക്കൾക്കും വീടിന്റെ താക്കോൽ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

Print Friendly, PDF & Email

Leave a Comment

More News