‘ബേഠി ബച്ചാവോ ബേഠി പഠാവോ’: കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സൈക്കിള്‍ ചവിട്ടി എട്ടു വയസ്സുകാരി

ചണ്ഡീഗഡ്: ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന മുദ്രാവാക്യം പ്രചരിപ്പിക്കാൻ പട്യാലയില്‍ നിന്നൊരു എട്ടു വയസ്സുകാരി പെണ്‍കുട്ടി കാശ്മീർ മുതൽ കന്യാകുമാരി വരെ സൈക്കിൾ ചവിട്ടുന്നു. മകള്‍ക്ക് കൂട്ടായി പിതാവ് പഞ്ചാബ് പോലീസിൽ കോൺസ്റ്റബിളായ സിമർജീത് സിംഗും ഉണ്ട്.

ഇതാദ്യമായല്ല രവി കൗർ ബദേശ എന്ന ഈ പെണ്‍കുട്ടി ഇത്രയും ദുഷ്‌കരമായ യാത്ര നടത്തുന്നത്. പട്യാലയിൽ നിന്ന് 400 കിലോമീറ്റർ ദൂരമുള്ള കസൗലിയിലേക്ക് റൗണ്ട് ട്രിപ്പ് നടത്തിയാണ് ആരംഭം. പിതാവും കൂടെയുണ്ടായിരുന്നു. പിന്നീട്, അച്ഛനും മകളും ഷിംലയിൽ നിന്ന് ലഡാക്കിലേക്ക് 800 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി മറ്റൊരു യാത്ര നടത്തി.

“ഈ കൊച്ചു പെൺകുട്ടിയെക്കുറിച്ച് അറിഞ്ഞപ്പോൾ ഞങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അതിനാൽ ഞങ്ങൾ ഈ കുട്ടിയുടെ ബഹുമാനാർത്ഥം ഉച്ചഭക്ഷണം സംഘടിപ്പിച്ചു. ചെറിയ ചക്രങ്ങളുള്ള ഒരു സൈക്കിളിലാണ് അവൾ സൈക്കിൾ ചവിട്ടുന്നത്. മൊത്തം 4,500 കിലോമീറ്ററോളം ദൂരമുള്ള ഈ യാത്ര അവസാനിക്കാന്‍ ഏകദേശം രണ്ട് മാസമോളമെടുക്കും,” ഹോഷിയാർപൂരിലെ ഫിറ്റ് ബൈക്കേഴ്‌സ് ക്ലബ്ബിന്റെ പ്രസിഡന്റ് പരംജിത് സിംഗ് സച്ച്‌ദേവ പറഞ്ഞു,

നവംബർ 10 ന് ശ്രീനഗറിലെ ലാൽ ചൗക്കിൽ നിന്നാണ് പെണ്‍കുട്ടി തന്റെ യാത്ര ആരംഭിച്ചത്. തുടർന്ന് അവൾ ജമ്മുവിലെത്തി, പിന്നീട് പഞ്ചാബിലേക്ക് പ്രവേശിച്ചു. നവംബർ 16-ന് മുകേരിയൻ, ദസുവാൻ, ഗർഷങ്കർ, ബാലചൗർ വഴി ഹോഷിയാർപൂരിലെത്തി. നവംബർ 18 ന് ചണ്ഡീഗഢിൽ എത്തി. ഇവിടെ നിന്ന് അംബാല, ഡൽഹി, ജയ്പൂർ, ഹസൂർ സാഹിബ്, മുംബൈ, ബംഗളുരു, കൊച്ചി എന്നിവിടങ്ങളിലേക്ക് പോകും, ​​ഒടുവിൽ ഇന്ത്യയുടെ തെക്കേ അറ്റം – കന്യാകുമാരിയിൽ എത്തും.

”ഞങ്ങൾ ദിവസവും 100 കിലോമീറ്റർ സൈക്കിള്‍ ചവിട്ടുന്നു. 2015-ലാണ് താൻ സൈക്കിള്‍ സവാരി ആരംഭിച്ചത്. പിന്നീട്, നാലാം വയസ്സിൽ മകളെ സൈക്ലിംഗ് പഠിപ്പിച്ചു,” അച്ഛൻ സിമർജീത് സിംഗ് പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News