നെതർലൻഡ്‌സ്-ഇക്വഡോർ സമനില; ഖത്തർ ലോകകപ്പിൽ നിന്ന് പുറത്ത്

ദോഹ: ലോക കപ്പിൽ കരുത്തരായ നെതർലൻഡ്സിനെ ഇക്വഡോർ കെട്ടുകെട്ടിച്ചു. ഇരു ടീമുകളും ഓരോ പോയിന്റുമായി പിരിഞ്ഞതോടെ ആതിഥേയരായ ഖത്തർ ഗ്രൂപ്പ് എയിൽ നിന്ന് പുറത്തായി. ഇതോടെ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഖത്തർ. ഇക്വഡോറിന് വേണ്ടി സമനില ഗോൾ നേടിയ എന്നർ വലൻസിയ മൂന്ന് ഗോളുകളുമായി ഖത്തർ ലോകകപ്പിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി. എന്നാൽ വലൻസിയ പരിക്കേറ്റ് കളം വിട്ടത് ഇക്വഡോറിനെ ആശങ്കയിലാഴ്ത്തി.

കടലാസിലെ കണക്കില്‍ ആധിപത്യമുണ്ടെങ്കിലും കളത്തില്‍ ഇക്വഡോറിന് മുന്നില്‍ ഓറഞ്ച് പട പരുങ്ങി. കോഡി ഗക്‌പോയുടെ ഗോളില്‍ ആറാം മിനുറ്റില്‍ മുന്നിലെത്തിയ നെതര്‍ലന്‍ഡ്‌സിന് പിന്നീട് ഒരിക്കല്‍ പോലും ലക്ഷ്യത്തിലേക്കൊരു ഷോട്ടു പായിക്കാനായില്ല. ഈ ലോകകപ്പിലെ ഇതുവരെയുള്ള വേഗമേറിയ ഗോളാണ് ഖലീഫ ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഗപ്‌കോ നേടിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോള്‍. ആദ്യ പകുതിയിലെ ആഡ് ഓണ്‍ സമയത്ത് നെതര്‍ലന്‍ഡ്‌സ് വല കുലുക്കാന്‍ ഗോണ്‍സാലോ പ്ലാറ്റയ്ക്കായെങ്കിലും ഗോള്‍ അനുവദിച്ചില്ല.

രണ്ടാം പകുതിയിൽ എന്നർ വലൻസിയയിലൂടെ ഇക്വഡോർ സമനില പിടിച്ചു. ലോകകപ്പിൽ താരത്തിന്റെ മൂന്നാം ഗോളായിരുന്നു ഇത്. തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ ഗുസ്താവ അൽഫാരോയുടെ സംഘം നെതർലൻഡ്‌സിനെ സമ്മർദ്ദത്തിലാക്കി, അവസാന വിസിൽ വരെ വിജയിക്ക് വേണ്ടിയുള്ള ശ്രമം തുടർന്നു. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ഇരുടീമുകള്‍ക്കും നാല് പോയിന്‌റ് വീതമായി. ഇതോടെ രണ്ട് മത്സരങ്ങളും തോറ്റ ഖത്തര്‍, ലോകകപ്പില്‍ നിന്ന് പുറത്തായി. അവസാന മത്സരം ജയിച്ചാലും ഖത്തറിന് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാനാകില്ല. നോക്ക്ഔട്ട് റൗണ്ട് കാണാതെ ആതിഥേയര്‍ പുറത്താകുന്നത് ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ്. 2010 ല്‍ ദക്ഷിണാഫ്രിക്കയ്ക്കാണ് സമാന ദുര്‍വിധിയുണ്ടായത്.

Print Friendly, PDF & Email

Leave a Comment

More News