എന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ സമയം; കൂടുതല്‍ ഊര്‍ജ്ജസ്വലനായി തിരിച്ചുവരും: നെയ്മറിന്റെ വികാരനിര്‍ഭരമായ കുറിപ്പ്

ദോഹ: തങ്ങളുടെ പ്രിയ താരത്തിന് പരിക്കേറ്റതായി വാര്‍ത്തകളിലൂടെ അറിഞ്ഞ് വിഷമിക്കുന്ന ആരാധകർക്ക് ആശ്വാസമായി നെയ്മറുടെ സന്ദേശം. തന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ സമയമാണിതെന്നും എന്നാൽ താൻ ശക്തമായി തിരിച്ചുവരുമെന്നും നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഒമ്പത് തവണയാണ് സെർബിയൻ താരങ്ങൾ ബ്രസീലിയൻ സൂപ്പർ താരത്തെ ഫൗൾ ചെയ്തത്. കണങ്കാലിന് ഗുരുതരമായി പരിക്കേറ്റ നെയ്മറിന് ഗ്രൂപ്പ് മത്സരങ്ങളിൽ കളിക്കാനാകില്ലെന്ന് ടീം തന്നെ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് താരത്തിന്റെ സന്ദേശം.

വികാരനിര്‍ഭരമായ കുറിപ്പാണ് നെയ്മര്‍ ആരാധകര്‍ക്കായി എഴുതിയത്. ബ്രസീലിന്‌റെ ജെഴ്‌സിയണിയുന്നതിലെ സ്‌നേഹവും അഭിമാനവും പറഞ്ഞറിയിക്കാനാകില്ലെന്ന് നെയ്മര്‍ കുറിക്കുന്നു. ഏതുരാജ്യത്ത് ജനിക്കണം എന്ന് തിരഞ്ഞെടുക്കാന്‍ ദൈവം ഒരസരം തന്നാല്‍ താന്‍ ബ്രസീല്‍ തന്നെ തിരഞ്ഞെടുക്കും. ജീവിതത്തില്‍ താന്‍ നേടിയതൊന്നും തനിക്ക് കൈയില്‍ വെച്ച് തന്നതല്ല, എളുപ്പവുമായിരുന്നില്ല. സ്വന്തം സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും പരിശ്രമത്തിലൂടെയാണ് നേടിയിട്ടുള്ളതെന്നും നെയ്മര്‍.

“ഇത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയമാണ്. ലോകകപ്പിൽ ഒരിക്കൽ കൂടി എനിക്ക് പരിക്കുമായി പുറത്തുപോകേണ്ടി വന്നു. ഇത് വേദനാജനകമാണ്, പക്ഷേ എനിക്ക് തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” നെയ്മർ വ്യക്തമാക്കി. രാജ്യത്തെയും സഹതാരങ്ങളെയും സഹായിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യുമെന്നും നെയ്മർ പറഞ്ഞു. തനിക്കെതിരെ നിരന്തരം നടക്കുന്ന ഫൗളുകളോടുള്ള രോഷവും താരം കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്. 2014ലെ ലോകകപ്പ് പരിക്ക് മൂലം നെയ്മറിന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു.

Print Friendly, PDF & Email

Leave a Comment

More News