ഓപ്പറേഷൻ അജയ്: ഇസ്രായേലിൽ നിന്ന് 286 യാത്രക്കാരുമായി സ്‌പൈസ് ജെറ്റ് വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: 18 നേപ്പാൾ പൗരന്മാരടക്കം 286 യാത്രക്കാരുമായി ടെൽ അവീവിൽ നിന്ന് സ്‌പൈസ് ജെറ്റ് വിമാനം ചൊവ്വാഴ്ച ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി.

സംഘർഷം നിലനിൽക്കുന്ന ഇസ്രായേലിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിനായി സർക്കാരിന്റെ ഓപ്പറേഷൻ അജയ് പ്രകാരം സർവീസ് നടത്തുന്ന അഞ്ചാമത്തെ വിമാനമാണിത്.

ഓപ്പറേഷൻ അജയ് പ്രകാരമുള്ള അഞ്ചാമത്തെ വിമാനത്തിൽ 18 നേപ്പാൾ പൗരന്മാരുൾപ്പെടെ 286 യാത്രക്കാർ എത്തിയതായി എക്‌സിലെ ഒരു പോസ്റ്റിൽ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ മുരുകൻ വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

വിമാനത്തിലെത്തിയ യാത്രക്കാരിൽ കേരളത്തില്‍ നിന്നുള്ള 22 പേർ ഉണ്ടെന്നാണ് കേരള സർക്കാരിന്റെ കണക്ക്.

സ്പൈസ് ജെറ്റ് വിമാനം എ 340 ഞായറാഴ്ച ടെൽ അവീവിൽ ലാൻഡ് ചെയ്തതിന് ശേഷം സാങ്കേതിക തകരാർ നേരിടുകയും തകരാർ പരിഹരിക്കാൻ വിമാനം ജോർദാനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തകരാർ പരിഹരിച്ച ശേഷം ചൊവ്വാഴ്ച ടെൽ അവീവിൽ നിന്നുള്ള യാത്രക്കാരുമായി വിമാനം മടങ്ങി.

തിങ്കളാഴ്ച രാവിലെയാണ് വിമാനം ഡല്‍ഹിയിലേക്ക് മടങ്ങേണ്ടിയിരുന്നത്.

 

 

Print Friendly, PDF & Email

Leave a Comment

More News