വിഴിഞ്ഞം തുറമുഖ സമരം: അതീവ ജാഗ്രതയോടെ പോലീസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് ജാഗ്രതയിൽ. സ്പെഷ്യൽ ഓഫീസറായി നിയമിച്ച ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞത്ത് എത്തും. നിശാന്തിനിയുടെ പ്രത്യേക സംഘം വിഴിഞ്ഞം പൊലീസ് സ്റ്റേഷനും സംഘർഷ മേഖലകളും സന്ദർശിക്കും.

അതീവ ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് 3000 പേർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ പിടികൂടി കൂടുതൽ സംഘർഷമുണ്ടാക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ഇതിന് പുറമെ ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരുന്ന മാർച്ചിനും പൊലീസ് അനുമതി നിഷേധിച്ചു.

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശശികലയുടെ നേതൃത്വത്തിൽ മാർച്ച് നടത്താനായിരുന്നു ഹിന്ദു ഐക്യവേദി നിശ്ചയിച്ചിരുന്നത്. ഇന്ന് വൈകുന്നേരം നടത്തേണ്ടിയിരുന്ന മാർച്ച് നടത്തരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹിന്ദു ഐക്യവേദിക്ക് നോട്ടീസ് നൽകി.

മാര്‍ച്ചിനെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് സംഘടന ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രാവാക്യങ്ങളോ അനുവദിക്കരുതെന്നും അറിയിപ്പിൽ പറയുന്നു. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ വിഴിഞ്ഞത്ത് പൊലീസ് ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. വിഴിഞ്ഞത്ത് 600 പോലീസുകാരെ അധികമായി വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News