കോളേജുകളില്‍ അദ്ധ്യാപകര്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാം; പുതിയ നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിൽ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ അദ്ധ്യാപകര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കർത്താക്കൾക്കായി കോളേജ് പ്രവർത്തന സമയം മാറ്റണമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയാൽ അദ്ധ്യാപകർക്കും സ്വന്തം ഗവേഷണത്തിന് സമയം കണ്ടെത്താനാകും. ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെക്കുറിച്ചും ആലോചിക്കാം. എന്നാൽ, പുതിയ പാഠ്യപദ്ധതിയും സിലബസും വരുമ്പോൾ അദ്ധ്യാപകരുടെ ജോലിഭാരം കൂടുമോ എന്ന് ആശങ്കപ്പെടേണ്ടതില്ലെന്നും നിലവിലുള്ള അദ്ധ്യാപകരെ ഉൾപ്പെടുത്തി കോഴ്‌സ് കോമ്പിനേഷൻ രൂപീകരിക്കാമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോവാറുണ്ട്. നാല് വർഷ ബിരുദ കോഴ്‌സ് വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുമ്പോൾ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിക്കേണ്ടത് ആവശ്യമാണ്.

അദ്ധ്യാപകരുടെ ഏകാധിപത്യത്തിൽ നിന്ന് ക്ലാസ് മുറികളെ മോചിപ്പിക്കണം. വിദ്യാർത്ഥികൾക്ക് അവരുടെ സർഗാത്മക പ്രകടനങ്ങൾ കാഴ്ച വയ്ക്കാനുള്ള വേദി കൂടിയായിരിക്കണം ഓരോ ക്ലാസ് മുറികളും. കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്നവർ ചാവി കൊടുത്താലോടുന്ന പാവ കുഞ്ഞുങ്ങളെ പോലെയോ ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ പോലയോ അല്ല പുറത്തേക്ക് ഇറങ്ങേണ്ടത്.

കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിൽ കുട്ടികൾക്ക് പരമാവധി സ്വാതന്ത്ര്യം അനുവദിക്കണം. കോഴ്‌സ് ഉപേക്ഷിക്കുന്ന കുട്ടിക്ക് തിരിച്ചുവരാനുള്ള സാഹചര്യം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണം കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുമെന്നും ഭാവിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News