സ്‌പെയിനിനെതിരായ തകർപ്പൻ വിജയത്തിന് ശേഷം ജപ്പാൻ ലോക കപ്പ് നോക്കൗട്ടിലേക്ക്

ഏഷ്യൻ ഭൂഖണ്ഡത്തിന്റെയാകെ പ്രാർത്ഥനയോടെ കളത്തിലിറങ്ങിയ ജപ്പാൻ നിരാശപ്പെടുത്തിയില്ല. ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ ആരാധകവൃന്ദത്തിനു മുന്നിൽ സ്പാനിഷ് അർമാഡയെ തകർത്ത് ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്‌പെയിനിനെതിരെ ഏഷ്യൻ ടീമിന്റെ രാജകീയ വിജയം. ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമിന്റെ രണ്ടാം അട്ടിമറിയായിരുന്നു ഇന്നത്തേത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജർമ്മനിയെ വീഴ്ത്തിയ അതേ പ്രകടനമാണ് ഇന്ന് അവർ പുറത്തെടുത്തത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഒരു ഗോളിന് പിന്നിൽ നിന്ന ജപ്പാൻ രണ്ട് ഗോള്‍ തിരിച്ചടിച്ച് മുന്നേറി. 11-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയിലൂടെ ലീഡ് നേടിയ സ്പാനിഷ് താരങ്ങൾക്ക് 48-ാം മിനിറ്റിൽ റിത്‌സു ഡോവാനും 52-ാം മിനിറ്റിൽ ആവോ ടനാകയും മറുപടി നൽകി.

ജപ്പാന് വേണ്ടിയുള്ള നിർണായക മത്സരത്തിൽ തുടക്കത്തിൽ തന്നെ സ്പാനിഷ് ആധിപത്യം കണ്ടു. കിക്കോഫ് മുതൽ ആക്രമിച്ച് കളിച്ച സ്പാനിഷ് ടീം പതിനൊന്നാം മിനിറ്റിൽ ലീഡ് നേടി. ജപ്പാൻ ബോക്‌സിലേക്ക് ഇരച്ചുകയറിയ പന്ത് സ്പാനിഷ് നിരയിൽ നിന്ന് തട്ടിയകറ്റിയ പ്രതിരോധക്കാർ പിഴവ് വരുത്തി. സെസാർ അസ്പിലിക്യൂറ്റയുടെ പന്ത് ബോക്‌സിലേക്ക് അളന്ന ക്രോസ് ഹെഡ് ചെയ്‌തപ്പോൾ മൊറാട്ട പിഴച്ചില്ല. സ്കോർ 1-1.

ലീഡ് വഴങ്ങിയതോടെ ജപ്പാന്‍ ഉണര്‍ന്നു കളിച്ചെങ്കിലും കൃത്യമായ ആസൂത്രണത്തോടെ പന്തു തട്ടിയ സ്‌പെയിന്‍ പഴുതൊന്നും അനുവദിച്ചില്ല. ആദ്യ പകുതി ഇതേ സ്‌കോര്‍ അവസാനിച്ച ശേഷം രണ്ടാം പകുതിയില്‍ യൂറോപ്യന്‍ ടീമിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ജപ്പാന്‍ പുറത്തെടുത്തത്.

സ്‌പെയിന്റെ പതിഞ്ഞ താളത്തിലുള്ള പാസിങ് ഗെയിമിനെ രണ്ടാം പകുതിയില്‍ ചടുല നീക്കങ്ങളിലൂടെയാണ് ജപ്പാന്‍ പൊളിച്ചത്. ഇടവേളയ്ക്കു ശേഷമുള്ള മൂന്നാം മിനിറ്റില്‍ തന്നെ അവര്‍ക്ക് അതിനു പ്രതിഫലവും ലഭിച്ചു. സ്പാനിഷ് പ്രതിരോധ താരങ്ങള്‍ വരുത്തിയ പിഴവില്‍ നിന്നു പന്ത് പിടിച്ചെടുത്ത റിറ്റ്‌സു ഡൊവാന്‍ തൊടുത്ത ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു.

ഒപ്പമെത്തിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ജപ്പാന്‍ സമനില ഗോളിന്റെ ആരവം അടങ്ങും മുമ്പേ ലീഡും നേടി. രണ്ടാം ഗോളും റിറ്റ്‌സു ഡൊവാന്റെ നീക്കത്തില്‍ നിന്നായിരുന്നു. സ്പാനിഷ് പോസ്റ്റിനു കുറുകെ ഡൊവാന്‍ നല്‍കിയ പാസ് നിരങ്ങിയെത്തിയ ആവോ ടനാക വലയിലേക്കു തട്ടിയിടുകയായിരുന്നു. ബോക്‌സിലേക്കു പാസ് നല്‍കുന്നതിനു മുമ്പ് ഡൊവാന്റെ കാലില്‍ നിന്ന് പന്ത് ലൈനിനു പുറത്തുപോയെന്ന സംശയത്തില്‍ റഫറി ആദ്യം ഗോള്‍ അനുവദിച്ചില്ല. പിന്നീട് വാര്‍ പരിശോധിച്ചായിരുന്നു ഗോള്‍ നല്‍കിയത്.

അപ്രതീക്ഷിതമായി ലീഡ് വഴങ്ങിയ ശേഷം സ്പാനിഷ് ടീം കൂടുതല്‍ കെട്ടുറപ്പോടെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഇളകാതെ പിടിച്ചു നിന്ന ജാപ്പനീസ്‌ പ്രതിരോധനിര ഐതിഹാസിക ജയം ഉറപ്പുവരുത്തി.

Print Friendly, PDF & Email

Leave a Comment

More News