നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന വൈദിക ധ്യാനം ഹൂസ്റ്റണില്‍ സമാപിച്ചു

ഹൂസ്റ്റണ്‍: സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിനു കീഴിലുള്ള വൈദികരുടെ ധ്യാനം ഒക്ടോബര്‍ 23, 24, 25 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ ഹൂസ്റ്റണ്‍ സെന്‍റ് ബേസില്‍സ് സുറിയാനി ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു.

അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കല്‍ വികാരിയുമായ ആര്‍ച്ച്ബിഷപ് അഭിവന്ദ്യ മോര്‍ തീത്തോസ് യെല്‍ദോ മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനങ്ങളില്‍ റവ.ഫാ. എ.പി. ജോര്‍ജ്, റവ.ഫാ. സജി മര്‍ക്കോസ്, റവ.ഡോ. ബിന്നി ഫിലിപ്പ് നെടുംപുറത്ത് (വികാരി സെന്‍റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളി), താര ഓലപ്പള്ളി, റവ.ഫാ. ബേസില്‍ ഏബ്രഹാം എന്നിവര്‍ വിവിധ സെഷനുകളെ നയിച്ചു. ഒക്ടോബര്‍ 25-ന് ശനിയാഴ്ച രാവിലെ 8 മണിക്ക് മോര്‍ തീത്തോസ് യെല്‍ദോ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടു കൂടി ധ്യാനം സമാപിച്ചു.

മലങ്കരയുടെ യാക്കോബ് ബുര്‍ദ്ദാന ആയിരുന്ന പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ഒന്നാം ദുക്റോനയും ധ്യാനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. ഹൂസ്റ്റണ്‍ മേഖലയില്‍ നിന്നുള്ള വിശ്വാസികളും നേര്‍ച്ചകാഴ്ചകളോടെ ശ്രാദ്ധപ്പെരുന്നാളില്‍ പങ്കെടുത്തു.

വാര്‍ഷിക ധ്യാനത്തിന്‍റെ നടത്തിപ്പിനായി നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന വൈദിക സെക്രട്ടറി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി, വൈദിക കൗണ്‍സില്‍ അംഗങ്ങള്‍, സെന്‍റ് ബേസില്‍സ് ഇടവക വികാരി റവ.ഫാ. ബിജോ മാത്യു, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. അമേരിക്കയിലെ 84 പള്ളികളില്‍ നിന്നായി 50-ലധികം വൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തു.

Leave a Comment

More News