ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കാല്‍ വഴുതി; ട്രാക്കിലേക്ക് വീഴാതെ രക്ഷകനായെത്തിയത് മഹേഷ് എന്ന റെയില്‍‌വേ പോലീസ്

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറാന്‍ ശ്രമിക്കവേ ട്രാക്കിലേക്ക് വഴുതി വീഴാന്‍ പോയ പെൺകുട്ടിക്ക് ജീവൻ തിരിച്ചുകിട്ടിയത് റെയിൽവേ പൊലീസ് ഹെഡ് കോൺസ്റ്റബിൾ വിപി മഹേഷിന്റെ സമയോചിത ഇടപെടല്‍ മൂലം.

ഞായറാഴ്ച വൈകീട്ട് 5.40ന് വടകര റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസ് ട്രെയിൻ വടകര റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ ബാഗുമായി പെൺകുട്ടി ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. വാതിലിലെ കമ്പിയിൽ പിടിച്ചെങ്കിലും പിടിവിട്ട് ട്രാക്കിലേക്ക് വീഴാന്‍ തുടങ്ങിയപ്പോഴാണ് മഹേഷ് രക്ഷകനായെത്തിയത്.

ട്രാക്കിലേക്ക് തെന്നി വീഴുന്ന പെൺകുട്ടിയെ കണ്ട് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാർ ബഹളം വച്ചപ്പോഴാണ് മഹേഷ് സംഭവം ശ്രദ്ധിച്ചത്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് മഹേഷ് പെൺകുട്ടിയെ രക്ഷിച്ചത്. ഇതിനിടെ പെൺകുട്ടി വെപ്രാളത്തിൽ മഹേഷിന്‍റെ കഴുത്തിലൂടെ കൈ ചുറ്റി. ഇതോടെ എത് സമയവും ഇരുവരും ട്രാക്കിലേക്ക് വീഴുമെന്ന് സ്ഥിതിയായി. മനസ്സാന്നിധ്യം ഉറപ്പിച്ച് ഉടൻ മഹേഷ് പെൺകുട്ടിയുമായി പ്ലാറ്റ്ഫോമിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തുകയായിരുന്നു. ചെറിയ പരിക്കുകളേറ്റങ്കിലും മംഗലാപുരത്ത് പഠിക്കുന്ന പെൺകുട്ടിയെ രക്ഷിക്കാനായതിന്‍റെ സന്തോഷത്തിലാണ് പിണറായി സ്വദേശിയായ മഹേഷ് ഇപ്പോൾ.

ഡ്യൂട്ടിയിലായിരുന്ന മഹേഷ്, പരശുറാമിലെ ഭിന്നശേഷിയുള്ള കോച്ചിൽ മറ്റ് യാത്രക്കാർ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് പ്ലാറ്റ്‌ഫോമിലെത്തിയത്. പരിശോധന കഴിഞ്ഞ് നിൽക്കുമ്പോഴാണ് ഓടുന്ന ട്രെയിനിൽ കയറാൻ ബാഗുമായി പെൺകുട്ടി ഓടുന്നത് കണ്ടത്. പെണ്‍കുട്ടിയെ വിലക്കിയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ പെണ്‍കുട്ടി ട്രെയിനിൽ ഓടിക്കയറുകയായിരുന്നു. ബഹളത്തെ തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. യാത്രക്കാർ അഭിനന്ദനങ്ങളുമായി മഹേഷിനെ പൊതിഞ്ഞു. ഇനി ഇത്തരം അബദ്ധങ്ങള്‍ കാണിക്കരുതെന്ന് പെണ്‍കുട്ടിയെ ഉപദേശിച്ച് അതേ ട്രെയിനില്‍ തന്നെ പെണ്‍കുട്ടിയെ യാത്രയാക്കി.

Print Friendly, PDF & Email

Leave a Comment

More News