ഫിഫ ലോക കപ്പ്: സ്‌കോറിങ്ങിലും ഹിറ്റിംഗിലും നേട്ടങ്ങളുടെ മുകളിൽ; ഫുട്ബോള്‍ റെക്കോര്‍ഡുകളുടെ രാജാവായി ലയണല്‍ മെസി കിരീടമണിഞ്ഞു

ദോഹ: 2022 ഫിഫ ലോകകപ്പ് ജേതാക്കളായി അർജന്റീന തിരിച്ചുവരുമ്പോൾ റെക്കോർഡുകളുടെ രാജാവായി ക്യാപ്റ്റൻ ലയണൽ മെസ്സി കിരീടം ചൂടുന്നു. ഖത്തറിന് മുമ്പ് നാല് തവണ ലോകകപ്പ് കളിച്ചിട്ടും നേടാനാകാത്ത സുവർണ കിരീടത്തോടെയാണ് മെസിയുടെ റെക്കോർഡ് നേട്ടം. ഫൈനലിലെ വിജയത്തോടെ ഫുട്‌ബോളിന്റെ മിശിഹ താനാണെന്ന് ലയണൽ മെസ്സി തെളിയിച്ചു.

ഒന്നിലധികം തവണ ലോകകപ്പ് കിരീടത്തിനൊപ്പം മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടുന്ന ആദ്യ കളിക്കാരനായി മെസ്സി. ഇതിന് മുമ്പ് 2014 ലോകകപ്പിൽ മെസ്സി ഗോൾഡൻ ബോൾ നേടിയിരുന്നു. അന്ന് ഫൈനലിൽ അർജന്റീന ജർമനിയോട് അടിയറവ് പറഞ്ഞെങ്കിലും മികച്ച കളിക്കാരനെന്ന പട്ടം മെസിക്ക് ലഭിച്ചു.ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ, ജയിച്ച മത്സരങ്ങളുടെ ഭാഗമായ താരമെന്ന റെക്കോഡും ഈ ഫുട്ബോൾ ഇതിഹാസത്തിൻറെ പേരിനൊപ്പമായി. ജയിച്ച 17 മത്സരങ്ങളുടെ ഭാഗമായിരുന്ന ജർമൻ താരം മിറോസ്ലാവ് ക്ലോസയുടെ പേരിലുള്ള റെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് മെസി.

ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡും മെസിക്ക് സ്വന്തം (26 മത്സരങ്ങൾ). ജർമൻ ഇതിഹാസം ലോഥർ മത്തേവൂസിൻറെ 25 മത്സരങ്ങൾ എന്ന റെക്കോഡാണ് മെസി മറികടന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിക്കുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് താരം. ലോകകപ്പിൻറെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സമയം കളിച്ച ഇറ്റാലിയൻ താരം പൗലോ മാൾഡീനിയുടെ 2,216 മിനിറ്റ് എന്ന റെക്കോഡാണ് മെസി മറികടന്നത്.

ഫ്രാൻസിനെതിരായ ആദ്യ ഗോളിലൂടെ നോക്കൗട്ട് ഘട്ടങ്ങളിലെ എല്ലാ മത്സരങ്ങളിലും ഗോൾ നേടുന്ന താരമെന്നും ഇനി മെസി അറിയപ്പെടും. ഫൈനലിൽ ഇന്നലെ ഫ്രാൻസിനെതിരെ ഗോൾ നേടിയതോടെ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ (13) നേടിയ താരവും മെസി തന്നെയാണ്. അഞ്ചാമത് ലോകകപ്പ് മത്സരവും പൂർത്തിയായതോടെ ഇത്രയും ലോകകപ്പ് കളിച്ച ഏക അർജന്റൈൻ താരവുമായി മെസി.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന റെക്കോർഡും അർജന്റീനിയൻ ക്യാപ്റ്റൻ സ്വന്തമാക്കി. 1996 മുതൽ, വ്യത്യസ്ത മത്സരങ്ങളിൽ ഗോളുകൾ നേടുകയും സഹായിക്കുകയും ചെയ്യുന്ന ആദ്യ കളിക്കാരനെന്ന റെക്കോർഡ് മെസ്സി തകർത്തു.

Print Friendly, PDF & Email

Leave a Comment

More News