മോശം ചായ നല്‍കിയത് മാറ്റിത്തരാന്‍ ആവശ്യപ്പെട്ട പിതാവിനേയും മകനേയും തട്ടുകടക്കാരന്‍ ആക്രമിച്ചു

തിരുവനന്തപുരം: തട്ടുകടയില്‍ നിന്ന് ചായ കുടിക്കാനെത്തിയ പിതാവിനേയും മകനെയും തട്ടുകടക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. പെരുമാതുറ സ്വദേശികളായ സമീർ (43), മകൻ സഅദി സമി (18) എന്നിവർക്കാണ് മർദനമേറ്റത്. കഴക്കൂട്ടം ദേശീയ പാതയോരത്ത് തട്ടുകട നടത്തുന്ന നാസിമുദ്ദീനാണ് ഇവരെ മര്‍ദ്ദിച്ചതെന്ന് പറയുന്നു. മർദനത്തിൽ സമീറിന്റെ ചുണ്ടിനും വലതു കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സമീർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഭാര്യയുടെ മുന്നിൽ വെച്ചാണ് കടയുടമ ഇവരെ മർദിച്ചതെന്ന് പറയുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള സമീറിന്റെ ഭാര്യയെ കണ്ട് മടങ്ങും വഴിയാണ് നസീമുദ്ദീന്റെ കടയിൽ ചായ കുടിക്കാൻ കയറിയത്. ഇവര്‍ക്ക് കൊടുത്ത ചായ മോശമാണെന്നും വേറെ ചായ വേണമെന്നും ആവശ്യപ്പെട്ടതാണ് നസീമുദ്ദീനെ പ്രകോപിപ്പിച്ചത്.

തുടര്‍ന്നു നടന്ന വാക്കു തര്‍ക്കവും ചോദ്യം ചെയ്യലും തുടരവെ നസീമുദ്ദീന്‍ സ്പൂണ്‍ കൊണ്ട് സമീറിനേയും മകനേയും ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് സമീറിനേയും മകനേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News