ബിജെപി എംഎൽഎയും ബാലഗംഗാധര തിലകന്റെ മരുമകളുമായ മുക്ത (57) അന്തരിച്ചു

ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകിന്റെ മരുമകൾ മുക്ത (57) വ്യാഴാഴ്ച പൂനെയിൽ വച്ച് അർബുദബാധ രോഗത്തെതുടര്‍ന്ന് അന്തരിച്ചു. ഗ്യാലക്‌സി ആശുപത്രിയിലായിരുന്നു ബിജെപി എംഎൽഎയുടെ അന്ത്യം.

നാല് തവണ കോർപ്പറേറ്ററായിരുന്ന മുക്ത, മുതിർന്ന സ്വാതന്ത്ര്യ സമര സേനാനി ലോകമാന്യ തിലകിന്റെ മരുമകൾ കൂടിയായിരുന്നു.

ഏകദേശം അഞ്ച് വർഷം മുമ്പാണ് അവര്‍ക്ക് ക്യാൻസർ സ്ഥിരീകരിച്ചത്. ക്യാൻസർ ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് അന്ത്യശ്വാസം വലിച്ചതെന്ന് അവർ ചികിത്സയിലായിരുന്ന ഗാലക്‌സി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ശൈലേഷ് പുന്തംബേക്കർ പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ്, രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ തിലക് ആംബുലൻസിൽ മുംബൈയിലേക്ക് പോയത് വലിയ വാര്‍ത്തയായിരുന്നു.

ഭർത്താവ് ശൈലേഷ്. മകൾ ചൈത്രാലി, മകൻ കുനാൽ.

അന്തിമോപചാരം വെള്ളിയാഴ്ച രാവിലെ 11.30ന് വൈകുണ്ഠ ശ്മശാനത്തിൽ നടക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.

2002 മുതൽ പിഎംസിയുടെ നാലു തവണ കോർപ്പറേറ്ററായിരുന്നു മുക്ത തിലക്. 2019-ൽ ഗിരീഷ് ബാപറ്റ് എംപി ലോക്‌സഭയിലേക്ക് മത്സരിച്ചതിനാൽ പാർട്ടി അവർക്ക് കസ്ബ നിയമസഭാ മണ്ഡലത്തിൽ നിന്ന് ടിക്കറ്റ് നൽകുകയും അവര്‍ വിജയിക്കുകയും ചെയ്തു.

30 വർഷത്തിലേറെയായി അർപ്പണബോധമുള്ള ബിജെപി പ്രവർത്തകയായിരുന്നു മുക്ത എന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. “സ്ത്രീകളുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരുന്നതിൽ അവര്‍ ശ്രദ്ധാലുവായിരുന്നു. സംസ്ഥാന നിയമസഭയിലെ അംഗമെന്ന നിലയിൽ, അവര്‍ എപ്പോഴും തന്റെ ജോലിക്ക് മുൻഗണന നൽകിയിരുന്നു,” ഫഡ്‌നാവിസ് പറഞ്ഞു.

ഗുരുതരമായ അസുഖം ബാധിച്ചിട്ടും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുക്ത വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് കാണാമായിരുന്നു. ആർഎസ് തെരഞ്ഞെടുപ്പിനായി ഈ വർഷം മാർച്ചിൽ വോട്ട് രേഖപ്പെടുത്താൻ അവർ മുംബൈയിലെത്തിയപ്പോൾ, അവരെ വ്യക്തിപരമായി സ്വീകരിക്കാൻ ഫഡ്‌നാവിസ് ലോബിയിൽ വന്നതോടെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു.

“ഡിസംബർ 8 നാണ് മുക്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി അവർ ക്യാൻസർ ബാധിതയായിരുന്നു. ലോകോത്തര ചികിത്സ നല്‍കിയിട്ടും, ക്യാൻസർ അവസാന സ്റ്റേജിലായിരുന്നു. അതുകൊണ്ടു തന്നെ തെറാപ്പിയോടുള്ള പ്രതികരണം കുറഞ്ഞു. അർബുദം മൂർച്ഛിച്ചതിനെ തുടർന്ന് ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് അവർ മരിച്ചത്, ”ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു.

2017-ൽ പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ (പിഎംസി) ബിജെപി അധികാരം പിടിച്ചെടുത്തതിന് ശേഷം രണ്ടര വർഷക്കാലം പൂനെ മേയറായി മുക്ത സജീവമായിരുന്നു, സ്ത്രീകൾക്കായി സമർപ്പിത ബസ് സർവീസ് ഉൾപ്പെടെ നിരവധി നടപടികൾ അവര്‍ ആരംഭിച്ചു.

“സ്വാതന്ത്ര്യ സമര സേനാനി ലോകമാന്യ തിലകിന്റെ കുടുംബത്തിൽ നിന്നാണ് വന്നതെങ്കിലും, മുക്ത അവരുടെ പ്രവർത്തനത്തിലൂടെ ഒരു പ്രത്യേക വ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്നു” എന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News