2024 പ്രസിഡന്റ് തിരഞ്ഞെടുപ്പു സ്ഥാനാർഥിത്വത്തിന് സൂചന നൽകി നിക്കി ഹേലി

സൗത്ത് കാരലൈന ∙ യുണൈറ്റഡ് നാഷൻസ് യുഎസ് അംബാസിഡറായിരുന്ന സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി 2024 ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു സൂചന നൽകി.

വ്യാഴാഴ്ച അമേരിക്കയിലെ പ്രമുഖ വാർത്താ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് നിക്കി തന്റെ മനസ്സ് തുറന്നത്.

രണ്ടു പ്രധാന ചോദ്യങ്ങളോടാണ് നിക്കി പ്രതികരിച്ചത്. ഒന്നു ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു പുതിയ നേതൃത്വത്തിന്റെ പ്രസക്തി. രണ്ടു പുതിയ നേതൃത്വത്തിന് അനുയോജ്യയായ വ്യക്തിയാണോ ഞാൻ. ഒന്നു കൂടെ ഇവർ കൂട്ടിച്ചേർത്തു. ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെങ്കിൽ അതു ബൈഡന് എതിരായിട്ടായിരിക്കും. ഒരു കാരണവശാലും ബൈഡന് രണ്ടാമതൊരു അവസരം അനുവദിച്ചുകൂടാ എന്നും ഹേലി പറഞ്ഞു.

80 വയസ് പ്രായമുള്ള ബൈഡനേക്കാൾ ചെറുപ്പക്കാരാണ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തു വരേണ്ടത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ 51 വയസ്സുള്ള നിക്കി ചെറുപ്പക്കാരുടെ പ്രതിനിധിയായിരിക്കുമെന്നാണ് അവർ തന്നെ നൽകുന്ന സൂചന.

ഡൊണാൾഡ് ട്രംപ് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കെ, ട്രംപിന്റെ അടുത്ത അനുയായി എന്ന് അറിയപ്പെടുന്ന നിക്കി അവസാന നിമിഷം ട്രംപിനു വേണ്ടി മാറികൊടുക്കുമോ എന്നു കാത്തിരുന്നു കാണേണ്ടി വരും. ട്രംപ് ചിത്രത്തിൽ നിന്നും പുറത്താകുന്നുവെങ്കിൽ നിക്കിയുടെ സാധ്യത വർധിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ.

Print Friendly, PDF & Email

Leave a Comment

More News