താനൂര്‍ ബോട്ട് ദുരന്തം: ബോട്ടുടമ നാസറും ബന്ധുക്കളും അറസ്റ്റില്‍

മലപ്പുറം: മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്‌ലാന്റിക്‌’ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ താനൂരില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

നാസറിന്റെ കാര്‍ കൊച്ചി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച രാത്രി മുതല്‍ ഒളിവില്‍ പോയ നാസറിനെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാര്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍നിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു.

നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്.

Leave a Comment

More News