മഅ്‌ദനിയുടെ കേരള സന്ദർശനത്തിന് ഒടുവിൽ പൊലീസ് അനുമതി നൽകി; പിഡിപി ചെയർമാൻ രോഗിയായ പിതാവിനെ സന്ദർശിക്കും

ബെംഗളൂരു: മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന്‌ വിരാമമിട്ട്‌ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്‌ദനി കേരളം സന്ദര്‍ശിക്കും. ബംഗളൂരു പൊലീസ്‌ അദ്ദേഹത്തിന് കേരളത്തിലേക്ക്‌ പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്‌. തിങ്കളാഴ്ച വിമാനമാര്‍ഗം അദ്ദേഹം കൊച്ചിയിലെത്തും. കിടപ്പിലായ പിതാവിനെ സന്ദര്‍ശിക്കാനും സ്വന്തം ചികിത്സയ്ക്കുമായി ഏറെ നാളുകള്‍ക്ക്‌ ശേഷമാണ്‌ മഅ്‌ദനി കേരളത്തിലെത്തുന്നത്‌.

ബംഗളൂരു സ്ഫോടനക്കേസില്‍ ബംഗളൂരുവില്‍ കഴിയുന്ന മഅ്‌ദനി കേരളത്തിലേക്ക്‌ പോകുന്നതിന്‌ ജാമ്യ വ്യവസ്ഥയില്‍ ഇളവ്‌ ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബംഗളൂരു പോലീസിന്റെ എതിര്‍പ്പ്‌ അവഗണിച്ച്‌ കേരളം സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയെങ്കിലും സുരക്ഷാ കാരണങ്ങളും ഉയര്‍ന്ന യാത്രാ ചെലവും തുടങ്ങിയ കാരണങ്ങളാല്‍ കേരള യാത്ര മുടങ്ങുകയായിരുന്നു. കേരളത്തിലേക്ക്‌ പോകാന്‍ കമ്മീഷണറുടെ ഓഫീസ്‌ അനുമതി നല്‍കിയതോടെയാണ്‌ മഅ്‌ദനിയുടെ കേരള സന്ദര്‍ശനത്തിന്‌ വഴി തെളിഞ്ഞത്‌.

12 ദിവസത്തേക്കാണ്‌ ബംഗളൂരു പൊലീസ്‌ മഅ്‌ദനിക്ക്‌ അനുമതി നല്‍കിയത്‌. യാത്രയിലുടനീളം ബെംഗളൂരു പോലീസും അദ്ദേഹത്തെ അനുഗമിക്കും.

Leave a Comment

More News