മിഡിൽ ഈസ്റ്റ് സഞ്ചാരികളെ ആകർഷിക്കാൻ കേരളം; അറബ് രാജ്യങ്ങളിൽ ടൂറിസം പ്രചാരണത്തിന് ഏഴു കോടി ചിലവഴിക്കും

തിരുവനന്തപുരം: മണ്‍സൂണ്‍ കാലത്ത്‌ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ കേരള ടൂറിസം
ഒരുങ്ങിയതായി മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ജൂലായ്‌, ഓഗസ്റ്റ്‌ മാസങ്ങളിലെ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക്‌ നിലനിറുത്തുന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടികള്‍ക്ക്‌ തുടക്കമിട്ടതായും മന്ത്രി പറഞ്ഞു.

അറബ്‌ രാജ്യങ്ങളില്‍ പ്രചാരണം നടത്താന്‍ ഏഴു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌ .

ആയുര്‍വേദ ചികിത്സ, വെല്‍നസ്‌ ടൂറിസം എന്നിവയ്ക്കും അനുയോജ്യമായ കാലാവസ്ഥയാണ്‌ ജൂലായ്‌, ഓഗസ്റ്റ് മാസങ്ങളില്‍. ഇതിനാണ് മിഡില്‍ ഈസ്റ്റില്‍ നിന്ന്‌ സഞ്ചാരികള്‍ എത്തുന്നത്‌. ദുബായ്‌, ദോഹ എന്നിവിടങ്ങളിലും മിഡില്‍ ഈസ്റ്റിലെ വിമാനത്താവളങ്ങളിലും റേഡിയോകളും ദൃശ്യമാദ്ധ്യമങ്ങളും വഴിയും കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തെക്കുറിച്ച്‌ പ്രചാരണങ്ങളും നടത്തും.

കഴിഞ്ഞ മാസം അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ (എ.ടി.എം ദുബായ്) പങ്കെടുത്ത കേരള ടൂറിസം വകുപ്പ്‌ റിയാദ്‌, ദമാം, മസ്കറ്റ്‌ എന്നിവിടങ്ങളില്‍ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. കൊവിഡിനു ശേഷം ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ റെക്കോര്‍ഡിട്ട കേരളത്തിന്റെ ഇനിയുള്ള ലക്ഷ്യം വിദേശ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ്. വലിയ സംഘങ്ങളായി എത്താറുള്ള അറബ്‌ സഞ്ചാരികള്‍ നിശ്ചിത ഡെസ്റ്റിനേഷനുകളില്‍ ദിവസങ്ങളോളം ചെലവിടുന്നതാണ്‌ പതിവ്‌. സഞ്ചാരികളുടെ ഈ അഭിരുചി കണക്കിലെടുത്ത്‌ രസകരമായ പാക്കേജുകളാണ്‌ കേരളം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Comment

More News