പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അയല്‍‌വാസിയായ യുവാവ് വെട്ടി പരിക്കേല്പിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

എറണാകുളം: പെരുമ്പാവൂരിൽ അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാർത്ഥിനി മരിച്ചു. രായമംഗലം മുരിങ്ങമ്പിള്ളിയിൽ അൽക്ക അന്ന ബിനു (19) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി മരിച്ചത്.

കഴിഞ്ഞ എട്ട് ദിവസമായി രാജഗിരി ആശുപത്രിയിൽ ഐസിയുവിൽ വെന്‍റിലേറ്ററില്‍ തുടരുകയായിരുന്നു അല്‍ക്ക. തലയ്ക്കേറ്റ മാരകമായ മുറിവും, അമിത രക്തസ്രാവവും, ന്യുമോണിയ ബാധിച്ചതുമാണ് മരണകാരണമായത്. അയല്‍‌വാസിയായ ബേസില്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തത്. പെൺകുട്ടിയെ വെട്ടിയശേഷം ബേസിൽ സ്വന്തം വീട്ടിലെത്തി ആത്മഹത്യ ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനുമായിരുന്നു പരിക്കേറ്റിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയായിരുന്നു ഇത്രയും ദിവസം ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

വീടുകയറിയുള്ള ആക്രമണത്തിൽ രായമംഗലം കാണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, പേരക്കുട്ടിയും നഴ്‌സിംഗ് വിദ്യാർഥിനിയുമായ അൽക്ക എന്നിവർക്കാണ് പരിക്കേറ്റത്.

ബേസിലിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് അൽക്കയെ വെട്ടിപരിക്കേൽപ്പിക്കാൻ കാരണമായതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. അൽക്കയുമായി പരിചയമുണ്ടായിരുന്ന ബേസിൽ, സ്ഥിരമായി പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായാണ് വീട്ടുകാർ പറയുന്നത്. ഇതേ തുടർന്ന് ഇയാളുടെ മുന്നിൽപ്പെടാതിരിക്കാൻ അൽക്ക ശ്രദ്ധിച്ചിരുന്നു.
ബേസിലിന്‍റെ ശല്യത്തെ തുടർന്ന് മൊബൈൽ നമ്പറും പെണ്‍കുട്ടി മാറ്റിയിരുന്നു. ഇതേ തുടർന്നാണ് അൽക്കയെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെ കത്തിയുമായെത്തി വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

19കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് ഔസേപ്പിനെയും ഭാര്യ ചിന്നമ്മയെയും ബേസില്‍ ആക്രമിച്ചത്. തുടർന്ന് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ബേസില്‍ സ്വന്തം വീട്ടിലെത്തി മുറിയിൽ തൂങ്ങിമരിക്കുകയും ചെയ്തു.

അൽക്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Comment

More News