പാര്‍ട്ടി വിശ്വാസവഞ്ചന കാണിച്ചു; നടി ഗൗതമി ബിജെപി വിട്ടു

ചെന്നൈ: തന്റെ പണം തട്ടിയെടുത്ത ‘വഞ്ചകനെ’ പാര്‍ട്ടി നേതാക്കള്‍ സഹായിച്ചെന്ന്‌ ആരോപിച്ച്‌ ബിജെപിയുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിക്കാന്‍ നടി ഗൗതമി തീരുമാനിച്ചു.

20 വര്‍ഷം മുമ്പാണ്‌ സി അളഗപ്പന്‍ നടി ഗൗതമിയുമായി സൗഹൃദത്തിലായത്‌. വിശ്വാസത്തിന്റെ പേരില്‍ ഗൗതമി തന്റെ എല്ലാ വസ്തു ഇടപാടുകളും നോക്കാന്‍ അളഗപ്പനെ ഏല്‍പ്പിച്ചു. സൗഹൃദത്തിന്റെ മറവില്‍ അളഗപ്പന്‍ നടത്തിയ തട്ടിപ്പ്
അടുത്തിടെയാണ്‌ നടി അറിയുന്നത്‌, അവര്‍ അളഗപ്പനെതിരെ പരാതി കൊടുത്തു. എന്നാല്‍, ഗൗതമിയുടെ പരാതി കേള്‍ക്കാന്‍ പോലും ശ്രദ്ധിക്കാതെ ബിജെപി അളഗപ്പനെ പിന്തുണച്ചു.

25 വര്‍ഷം മുമ്പ്‌ ബിജെപിയില്‍ ചേര്‍ന്ന നടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക്‌ വേണ്ടി വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എനിക്ക്‌ രാജപാളയം മണ്ഡലത്തില്‍ നിന്ന്‌ ടിക്കറ്റ്‌ വാഗ്ദാനം ചെയ്തിരുന്നതായി ഗൗതമി പറയുന്നു.

“രാജപാളയത്ത്‌ താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി ഞാന്‍ മുന്നോട്ട്‌ പോയി. എന്നാല്‍ അവസാന നിമിഷം പാര്‍ട്ടി നിലപാട്‌ മാറ്റി എന്നില്‍ നിന്ന്‌ സീറ്റ്‌ എടുത്തുകളഞ്ഞു. എന്നാല്‍ ഇതൊന്നും വകവെക്കാതെ ഞാന്‍ പാര്‍ട്ടിയോട്‌ കൂറ്‌ തുടര്‍ന്നു. എന്നിട്ടും നിയമം മറികടക്കാന്‍ പാര്‍ട്ടി അളഗപ്പനെ സഹായിച്ചു. എഫ്‌ഐആര്‍ രജിസ്റര്‍ ചെയ്ത്‌ നാല്‍പ്പത്‌ ദിവസത്തിന്‌ ശേഷവും ഒളിവില്‍ പോകാന്‍ അദ്ദേഹത്തെ സഹായിച്ചു,” ഗൗതമി പറയുന്നു.

വ്യാജരേഖ ചമച്ച്‌ 25 കോടിയോളം രൂപയുടെ സ്വത്ത്‌ തട്ടിയെടുത്തുവെന്ന്‌ കാണിച്ച്‌ ഗൗതമി ചെന്നൈ പോലീസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കി. ബില്‍ഡറായ അളഗപ്പനും ഭാര്യയ്ക്കും എതിരെയായിരുന്നു പരാതി. ഗൗതമിയുടെ 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ചാണ്‌ പവര്‍ ഓഫ്‌ അറ്റോര്‍ണി നല്‍കിയത്‌. അളഗപ്പനും കുടുംബവും ഒപ്പിട്ട വ്യാജരേഖ ചമച്ച്‌ 25 കോടി രൂപയുടെ സ്വത്ത്‌ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്‌. ഗൗതമിക്കും മകള്‍ക്കും വധഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു.

തന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ്നാട്‌ മുഖ്യമന്ത്രി എംകെ സ്റ്റാലിനും പരാതി നല്‍കിയിട്ടുണ്ട്.

 

Leave a Comment

More News