സര്‍‌വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു; പുല്‍‌‌പ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റുള്‍പ്പടെയുള്ളവരുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

മാനന്തവാടി: പുൽപള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മുൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ബാങ്കിന്റെ മുന്‍ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം ഉള്‍പ്പടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

എബ്രഹാം ആണ് കേസിലെ ഒന്നാം പ്രതി. ഇയാളെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കേസിനെ തുടർന്ന് എബ്രഹാമിന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെയ്ക്കേണ്ടി വന്നു. കേസിൽ പത്ത് പ്രതികളാണുള്ളത്. കോൺഗ്രസ് ഭരണസമിതിയാണ് ബാങ്ക് നടത്തിയിരുന്നത്.

എബ്രഹാമിനെ കൂടാതെ മുൻ സെക്രട്ടറി, ബോർഡ് അംഗങ്ങൾ, സജീവൻ കെടി എന്ന സ്വകാര്യ വ്യക്തി എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടിയതായി ഇഡിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പറയുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് നടപടി. ഇവരുടെ സ്വത്തുക്കൾ ഈ മാസം 10-ാം തീയതിയാണ് കണ്ടുകെട്ടിയതെന്ന് ഇഡി വ്യക്തമാക്കി.

ബാങ്കിന്റെ വായ്പാതട്ടിപ്പിന് ഇരയായ കേളക്കവല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രൻ നായർ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് വലിയ വിവാദമായിരുന്നു. വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിലാണ് രാജേന്ദ്രന്‍ നായരെ കണ്ടെത്തിയത്. തോട്ടം പണയം വെച്ച് 70,000 രൂപയാണ് ഇയാള്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. എന്നാല്‍, പ്രതികൾ രാജേന്ദ്രന്റെ പേരില്‍ അയാള്‍ അറിയാതെ കൂടുതല്‍ തുക ബാങ്കില്‍ നിന്ന് വായ്പയെടുത്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ അന്വേഷണം തുടങ്ങിയത്. ജൂൺ ആദ്യവാരം ബാങ്കിലും പ്രതികളുടെ വീടുകളിലും ഇഡി പരിശോധനയും നടത്തി. സഹകരണ വകുപ്പും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ എട്ട് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു.

Leave a Comment

More News