ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക നോട്ടീസ് തയ്യാറാക്കിയതിൽ പിഴവ് വരുത്തിയ ബി മധുസൂദനൻ നായര്‍ക്ക് സ്ഥാന ചലനം

തിരുവനന്തപുരം: വാർഷിക ക്ഷേത്രപ്രവേശന വിജ്ഞാപനം തയ്യാറാക്കുന്നതിൽ പിഴവ് വരുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർ ബി മധുസൂദനൻ നായരെ തല്‍‌സ്ഥാനത്തു നിന്ന് നീക്കി ദേവസ്വം ബോർഡ് ഉത്തരവിറക്കി. തിങ്കളാഴ്ച ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം.

ക്ഷേത്രപ്രവേശന വിളംബര ദിനത്തിന്റെ എൺപത്തിയേഴാം വാർഷികം ആഘോഷിക്കാൻ തയ്യാറാക്കിയ നോട്ടീസ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തിലെ പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി എന്നിവരെയാണ് ചടങ്ങിൽ വിശിഷ്ടാതിഥികളായി ക്ഷണിച്ചിരുന്നത്. എന്നാല്‍, തയ്യാറാക്കിയ അറിയിപ്പിൽ, അവരെ ഹെര്‍ ഹൈനസ് എന്നും തമ്പുരാട്ടിമാര്‍ എന്നുമായിരുന്നു വിശേഷിപ്പിച്ചത്.

നോട്ടീസില്‍ ഇങ്ങനെ സംബോധന ചെയ്തത് രാജവാഴ്ചയ്ക്ക് അനുകൂലമാണെന്ന് ആരോപിച്ച് ചില കോണുകളിൽ നിന്ന് വലിയ എതിർപ്പുണ്ടായിരുന്നു. സംഭവം വിവാദമായതോടെ തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സംഭവം അന്വേഷിക്കുകയും ഇപ്പോൾ ബി മധുസൂദനന്‍ നായരെ തല്‍സ്ഥാനത്തു നിന്ന് നീക്കിയതും.

Print Friendly, PDF & Email

Leave a Comment

More News