ഗാസയിൽ നിന്നുള്ള ക്യാൻസർ രോഗികളായ കുട്ടികള്‍ക്ക് യുഎഇ പ്രസിഡന്റ് ചികിത്സാ സഹായം നല്‍കുന്നു

അബുദാബി: ഗാസ മുനമ്പിൽ നിന്നുള്ള ക്യാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സാ സഹായം നൽകാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നവംബർ 18 ശനിയാഴ്ച നിർദ്ദേശിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎഇയിലെ ആശുപത്രികളിൽ രോഗികൾക്ക് സമഗ്രമായ ചികിത്സയും ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാസ മുനമ്പിൽ നിന്നുള്ള 1,000 കുട്ടികൾക്ക് യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകുന്നതിന് ഷെയ്ഖ് മുഹമ്മദ് നിർദ്ദേശിച്ചതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ആദ്യ ബാച്ച് കുട്ടികളും ഗാസയിൽ നിന്നുള്ള കുടുംബങ്ങളും അബുദാബിയിലെത്തി.

ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ കുടുങ്ങിയ ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കാനുള്ള യുഎഇയുടെ മാനുഷിക ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

സംഘർഷം മൂലം ദുരിതമനുഭവിക്കുന്നവരുടെ മാനുഷിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ‘ഗാലന്റ് നൈറ്റ് 3’ ഓപ്പറേഷനു കീഴിൽ ഗാസ മുനമ്പിൽ സജ്ജീകരിച്ച ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കാനും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്.

കടല്‍ വെള്ളത്തില്‍ നിന്ന് ശുദ്ധജലം ഉല്പാദിപ്പിക്കാനുള്ള മൂ ഡീസാലിനേഷന്‍ പ്ലാന്റുകള്‍ ഗാസയിൽ നിർമ്മിക്കാനുള്ള പദ്ധതിയും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Comment

More News