സൗദി അറേബ്യയിലെ മദീനയിൽ ആദ്യമായി സിനിമാ തിയേറ്റർ തുറന്നു

റിയാദ്: പ്രശസ്ത സിനിമാ ശൃംഖലയായ എംപയർ സിനിമ, സൗദി അറേബ്യയിലെ മദീനയിൽ സിനിമാ മൾട്ടിപ്ലക്‌സ് തുറന്നു.

മദീനയിലെ അൽ-റാഷിദ് മാളിലാണ് ഈ സിനിമാ തിയ്യേറ്റര്‍. 10 സ്ക്രീനുകളും 764 സീറ്റുകളും ഉൾക്കൊള്ളുന്ന ഇവിടെ കുട്ടികളുടെ തിയേറ്ററും കളിസ്ഥലവും ഉണ്ട്. കമ്പനിയുടെ സൗദി അറേബ്യയിലെ പത്താമത്തെ സിനിമാ സമുച്ചയമാണിത്.

സൗദി അറേബ്യയിൽ തങ്ങളുടെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് മദീന ശാഖയുടെ പ്രവർത്തനം ആരംഭിച്ചതെന്ന് എംപയർ സിനിമാസിന്റെ സിഇഒ ജിനോ ഹദ്ദാദ് പറഞ്ഞു.

ജീവിത നിലവാരം ഉയർത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ട് വിഷൻ 2030 പരിഷ്‌കരണ അജണ്ടയുടെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2017-ൽ സിനിമാ നിരോധനം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമായി 2018-ൽ സൗദി അറേബ്യ സിനിമാ നിരോധനം മുഴുവനായും നീക്കുകയും ചെയ്തു.

അമേരിക്കൻ ശൃംഖലയായ എഎംസി എന്റർടൈൻമെന്റ് 35 വർഷത്തിന് ശേഷമാണ് ആദ്യത്തെ സിനിമാശാല എന്ന നിലയിൽ സൗദി അറേബ്യയിൽ അതിന്റെ വാതിലുകൾ വീണ്ടും തുറന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രഖ്യാപിച്ച 100 മില്യൺ ഡോളർ ഫിലിം സെക്ടർ ഫണ്ട് ഉൾപ്പെടെയുള്ള സംരംഭങ്ങളിലൂടെ രാജ്യം സിനിമയിലും വിനോദത്തിലും കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്.

സൗദി അറേബ്യയിലെ സിനിമാ വ്യവസായം 2022 നെ അപേക്ഷിച്ച് 2023 രണ്ടാം പാദത്തിൽ 28 ശതമാനം വളർച്ച കൈവരിച്ചതായി വാണിജ്യ മന്ത്രാലയത്തിന്റെ സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2030 ഓടെ സൗദി അറേബ്യയുടെ സിനിമാ വരുമാനം 1.5 ബില്യൺ ഡോളറിലെത്തുമെന്ന് PwC മിഡിൽ ഈസ്റ്റ് പ്രവചിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News