അനധികൃതമായി കൂട്ട അവധിയെടുത്ത മുപ്പതോളം ക്യാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു

ന്യൂഡൽഹി: അനധികൃതമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ച മുപ്പതോളം എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർക്കെതിരെ കര്‍ശന നടപടിയെടുത്ത് എയർലൈൻ കമ്പനി. സംഭവത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിലെ 30 ക്യാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

പണിമുടക്കിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. തുടര്‍ന്ന് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയതായി യാത്രക്കാര്‍ അറിഞ്ഞത്. മെയ് 13ന് ശേഷം മാത്രമേ ഇനി യാത്ര തുടരാൻ കഴിയൂ എന്ന് എയർലൈൻ അറിയിച്ചു.

ഇന്നലെ രാത്രിയും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാരാണ് കൂട്ടത്തോടെ സിക്ക് ലീവ് എടുത്തത്.

നിരവധി ആഭ്യന്തര-അന്താരാഷ്‌ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News