പാക്കിസ്ഥാനി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ച ഇന്ത്യക്കാരി അഞ്ജു ഇന്ത്യയില്‍ തിരിച്ചെത്തി; കുട്ടികളെ പാക്കിസ്താനിലേക്ക് കൊണ്ടുപോകുമെന്ന്

ജൂലൈയിൽ പാക്കിസ്താനിലേക്ക് പോയി വടക്കുപടിഞ്ഞാറൻ അപ്പർ ദിർ ജില്ലയിൽ തന്റെ ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ച 34 കാരിയായ അഞ്ജു, തന്റെ രണ്ട് മക്കളെ ഇന്ത്യയിൽ നിന്ന് പാക്കിസ്താനിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യയിൽ തിരിച്ചെത്തിയതായി അവരുടെ പാക്കിസ്താന്‍ ഭർത്താവ് പറഞ്ഞു.

അഞ്ജു ഇസ്ലാം മതം സ്വീകരിക്കുകയും തന്റെ പേര് ഫാത്തിമ എന്നാക്കി മാറ്റുകയും ജൂലൈ 25 ന് തന്റെ പാക്കിസ്താന്‍ ഫേസ്‌ബുക്ക് സുഹൃത്തായ നസ്‌റുല്ലയെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹസമയത്ത് ദമ്പതികൾ ഇരു രാജ്യങ്ങളിലും വാർത്തകളിൽ ഇടം നേടിയിരുന്നു.

എന്നാല്‍, ഈ ആഴ്ച ഫാത്തിമ വാഗാ അതിർത്തി വഴി സ്വന്തം രാജ്യത്തേക്ക് മടങ്ങിയെന്നും, ഏതാനും മാസങ്ങൾക്കുള്ളിൽ പാക്കിസ്താനിലേക്ക് മടങ്ങുമെന്നും ഭർത്താവ് നസ്റുല്ല പറഞ്ഞു.

“അഞ്ജു തന്റെ രണ്ട് മക്കളെ പാക്കിസ്താനിലേക്ക് കൊണ്ടുവരാനും അവരുടെ ആദ്യ ഭർത്താവ് നൽകിയ വിവാഹമോചന കേസ് നേരിടാനുമാണ് ഇന്ത്യയിലേക്ക് പോയത്,” നസ്‌റുല്ല മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ അഭാവത്തിൽ കേസ് തീർപ്പാക്കാൻ കഴിയില്ലെന്നും നസ്റുല്ല കൂട്ടിച്ചേർത്തു.

അഞ്ജുവിന് 15 വയസ്സുള്ള ഒരു മകളും നാല് വയസ്സുള്ള ഒരു മകനും ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്ന് ഭർത്താവ് പറയുന്നു.

ഓഗസ്റ്റിൽ കാലാവധി അവസാനിച്ച ഒരു മാസത്തെ വിസയിലാണ് യുവതി പാക്കിസ്താനിലേക്ക് പോയത്. പാക്കിസ്താനില്‍ നസ്റുല്ലയ്ക്കൊപ്പമാണ് താമസിച്ചത്. എന്നാല്‍, പാക്കിസ്താന്‍ അധികാരികൾ ഒന്നിലധികം തവണ വിസ നിരസിച്ചതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനും “തന്റെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും” 34 കാരിയായ യുവതി തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ മാസം അവസാനം, ദമ്പതികൾ പാക്കിസ്താനിലെ കിഴക്കൻ നഗരമായ ലാഹോറിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുന്നത് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോകളിലുണ്ടായിരുന്നു. പാക് ജനത തനിക്ക് നൽകിയ ആദരവിനെയും അവരുടെ ആതിഥ്യമര്യാദയെയും അഞ്ജു പ്രശംസിച്ചു.

ജൂലൈയില്‍ കോടതിയില്‍ വെച്ചു നടന്ന വിവാഹത്തെത്തുടർന്ന്, ദമ്പതികൾക്ക് പാക്കിസ്താനികളിൽ നിന്ന് വ്യാപകമായ സ്നേഹവും ആദരവും ലഭിച്ചു, ഒന്നിലധികം പാക്കിസ്താന്‍ വാണിജ്യ സംരംഭങ്ങൾ അവർക്ക് ഉദാരമായ സമ്മാനങ്ങളും പ്രഖ്യാപിച്ചു.

Leave a Comment

More News