എം എസ് സ്വാമിനാഥന്‍ – ഇന്ത്യയുടെ ഹരിത വിപ്ലവത്തിന്റെ പിതാവ്

പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങിയ നാടിനെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് കൊണ്ടുവന്നത് എം എസ് സ്വാമിനാഥനാണ്. ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥന് ഭാരതരത്നം നല്‍കി ആദരിക്കുന്നത് ഏറ്റവും ഉചിതമായ തീരുമാനമാണ്.

1960കളില്‍ ദാരിദ്ര്യത്തിൻ്റെ ഏറ്റവും മോശമായ രൂപമായ പട്ടിണിയിലേക്ക് രാജ്യം നീങ്ങിയപ്പോള്‍ ദുരിതകാലത്തിന് അറുതി വരുത്തി, വിശപ്പിൻ്റെ കാഠിന്യത്തിൽ നിന്ന് കൈപിടിച്ചുയർത്തി രാജ്യത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച ഹരിത വിപ്ലവ നായകനാണ് എം.എസ്.സ്വാമിനാഥൻ.

നാടിന്‍റെ പട്ടിണി മാറ്റാന്‍ കൈമെയ് മറന്ന് അധ്വാനിക്കുന്ന കര്‍ഷകര്‍ക്ക് പട്ടിണിയില്‍ നിന്ന് മോചനം എങ്ങനെ സാധ്യമാക്കുമെന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്ന ഗവേഷകനായിരുന്നു എം എസ് സ്വാമിനാഥന്‍. അതിന്‍റെ ഉത്തരമായിരുന്നു ഇന്ത്യയുടെ ഹരിത വിപ്ലവം. 1925 ഓഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്ത് ജനിച്ച് കേരളത്തിലെ കുട്ടനാട്ടില്‍ വളര്‍ന്ന സ്വാമിനാഥന്‍ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടറായിരുന്ന നാളുകളാണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ തലവര തന്നെ മാറ്റി മറിച്ച സുപ്രധാന കണ്ടെത്തലുകള്‍ നടത്തിയത്.

സങ്കരയിനം വിത്തുകള്‍ വികസിപ്പിച്ച് ധാന്യ ഉല്‍പ്പാദനം കൂട്ടുന്നതിനായിരുന്നു എം എസ് സ്വാമിനാഥന്‍ മുന്‍ഗണന നല്‍കിയത്. രാജ്യത്തെ ഗോതമ്പ് വയലുകളില്‍ റെക്കോര്‍ഡ് ഉല്‍പ്പാദനം നടന്നപ്പോള്‍ ഇന്ത്യയിലെ ഗോതമ്പ് ഗോഡൗണുകള്‍ നിറഞ്ഞു. ഭക്ഷ്യ ക്ഷാമത്തിന്‍റെ ഭൂതകാലത്തിന് വിടചൊല്ലി രാജ്യം ഭക്ഷ്യ സമൃദ്ധിയിലേക്ക് കുതിച്ചു.

ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗത്തിന് വേണ്ടതിലുമധികം ധാന്യ ഉല്‍പ്പാദനം സാധ്യമാകുമെന്ന് രാജ്യത്തിന് മുന്നില്‍ തെളിയിച്ചു കൊടുത്ത ആര്‍ജവം എം എസ് സ്വാമിനാഥനെന്ന ഗവേഷകനെ കര്‍ഷകരുടെ പ്രിയങ്കരനാക്കി, ഭരണാധികാരികളുടേയും. രാജ്യത്തെ കാലാവസ്ഥ, മണ്ണ്, ജല ലഭ്യത എന്നിവ പരിഗണിച്ച് എംഎസ് സ്വാമിനാഥന്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ഭക്ഷ്യ സുരക്ഷ കൈവരിക്കുന്നതില്‍ നിര്‍ണായകമായി.

അത്യുല്‌പാദന ശേഷിയുള്ള വിത്തിനങ്ങള്‍, പുത്തന്‍ ജലസേചന രീതികൾ, രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും എം എസ് സ്വാമിനാഥന്‍റെ പങ്ക് പ്രധാനമായിരുന്നു. ഒഡിഷയിലെ കട്ടക്കില്‍ കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് ബൊട്ടാണിസ്റ്റായി ഔദ്യോഗിക ജീവിതം തുടങ്ങിയ സ്വാമിനാഥന്‍ ഫിലിപ്പീന്‍സിലെ മനിലയിലുള്ള ഇന്‍റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ പദവി വരെ എത്തി.

1972 മുതലുള്ള ഏഴ് വർഷ ടേമിലായിരുന്നു സ്വാമിനാഥന്‍ ഐസിഎആര്‍ ഡയറക്‌ടര്‍ പദവി  അലങ്കരിച്ചത്. 1982 മുതൽ 1988 വരെ രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രത്തിലും ഡയറക്‌ടർ ജനറലായി. 1949 ല്‍ ഐപിഎസ് കിട്ടിയിട്ടും സ്വീകരിക്കാതെ ഗവേഷണത്തിന്‍റെ വഴി തെരഞ്ഞെടുത്ത സ്വാമിനാഥന്‍ 30 വര്‍ഷത്തിന് ശേഷം കേന്ദ്രത്തില്‍ കൃഷി മന്ത്രാലയത്തിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയാവുന്നത് പിന്നീട് കണ്ടു.

രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നേരത്തെ നല്‍കിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ രമൺ മഗ്‌സസേ അവാർഡ്, ആൽബർട്ട് ഐൻസ്റ്റീൻ വേൾഡ് അവാർഡ് ഓഫ് സയൻസ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അൻപതിലധികം സര്‍വകലാശാലകള്‍ എം എസ് സ്വാമിനാഥന് ഹോണററി ഡോക്‌ടറേറ്റ് സമ്മാനിച്ച് ആദരിച്ചിട്ടുണ്ട്.

കൃഷിയിലും കർഷക ക്ഷേമത്തിലും രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ച് എംഎസ് സ്വാമിനാഥന് ഭാരത രത്‌ന നൽകി ആദരിക്കുന്നതിൽ അതിയായ സന്തോഷമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചത്. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യയെ കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കാണ് വഹിച്ചത്. കൃഷിയെ ആധുനികവൽക്കരിക്കുന്നതിൽ അദ്ദേഹം വലിയ ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന്റെ അമൂല്യമായ പ്രവർത്തനങ്ങളെ ഞങ്ങൾ മാനിക്കുന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യൻ കാർഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയും സമൃദ്ധിയും  ഉറപ്പാക്കുകയും ചെയ്തു. എനിക്ക് ഏറ്റവും അടുത്ത് അറിയാവുന്ന ഒരാളായിരുന്നു എംഎസ് സ്വാമിനാഥൻ എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

2023 സെപ്റ്റംബർ 28നാണ് അദ്ദേഹം അന്തരിച്ചത്.

Leave a Comment

More News