സ്‌കിൽ ഇന്ത്യ മിഷന്‍ തുണച്ചു; ക്യാന്‍സറിനെ അതിജീവിച്ച കൊല്ലം സ്വദേശിനി രാജ്യത്തിന് മാതൃകയായി

എറണാകുളം: നാടെങ്ങും സ്ത്രീകൾക്ക് ആവേശം പകരുന്ന അതിജീവനത്തിൻ്റെ കഥയാണ് കൊല്ലം സ്വദേശി പ്രസീതയ്ക്ക് പറയാനുള്ളത്. മൂന്ന് വർഷമായി ക്യാൻസറുമായി മല്ലിട്ട പ്രസീത ഇപ്പോൾ ഒരു സംരംഭകയായി വിജയിക്കുകയാണിപ്പോള്‍. രോഗം ബാധിച്ച് ശാരീരികമായി അവശതയിലായപ്പോൾ മനക്കരുത്തും നിശ്ചയദാർഢ്യവും പ്രസീതയെ തൻ്റെ സംരംഭം കെട്ടിപ്പടുക്കാന്‍ പ്രചോദനം നല്‍കി.

സ്‌കിൽ ഇന്ത്യ മിഷൻ്റെ ഭാഗമായ പ്രധാൻ മന്ത്രി കൗശൽ കേന്ദ്രയിൽ പിഎംകെവിവൈ സ്‌കീമിന് കീഴിലുള്ള അപ്പാരൽ കോഴ്‌സിന് ചേർന്നതോടെയാണ് പ്രസീതയുടെ ജീവിതം മാറിമറിഞ്ഞത്. ഇതോടെ സംരംഭകത്വമെന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി വയ്ക്കാൻ പ്രസീതയ്ക്ക് കഴിഞ്ഞു. വസ്ത്ര വ്യവസായത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സാങ്കേതിക മേഖലകളിൽ ആഴത്തിലുള്ള അറിവ് നേടാനും ഈ പദ്ധതി പ്രസീതയെ സഹായിച്ചു. ഇതുകൂടാതെ ഉല്പന്നങ്ങൾക്ക് എങ്ങനെ വിപണി കണ്ടെത്താമെന്നും പരിശീലന പരിപാടിയിലൂടെ പ്രസീതയ്ക്ക് പഠിക്കാൻ കഴിഞ്ഞു.

കോഴ്‌സ് പൂർത്തിയാക്കിയ ശേഷം പ്രസീത നൈപുണ്യ സർട്ടിഫിക്കറ്റ് നേടുകയും പ്രധാനമന്ത്രി തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് (പിഎംഇജിപി) 10 ലക്ഷം രൂപ വായ്പ ലഭിക്കുകയും ചെയ്തു. ഈ തുക ഉപയോഗിച്ച് ശ്രീ വിനായകം റെഡിമെയ്ഡ് ഗാർമെൻ്റ്സ് എന്ന പേരിൽ സ്വന്തമായി ബിസിനസ് തുടങ്ങി. ഈ സംരംഭം 12 കുടുംബങ്ങൾക്ക് പുതുജീവൻ നൽകി. 12 പേരാണ് പ്രസീതയുടെ സ്ഥാപനത്തിൽ ഇപ്പോള്‍ ജോലി ചെയ്യുന്നത്. സ്‌കൂൾ യൂണിഫോം, രാത്രി ധരിക്കുന്ന വസ്ത്രങ്ങള്‍, കുർത്തകൾ തുടങ്ങി ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ പ്രസീത എത്തിച്ചു കൊടുക്കുന്നു. പ്രസീതയുടെ യൂണിറ്റിൽ 15 സ്റ്റിച്ചിംഗ് മെഷീനുകൾ, 1 ഓവർലോക്ക് മെഷീൻ, 1 കട്ടിംഗ് മെഷീൻ, 1 ബോയിലിംഗ് മെഷീൻ, 1 ബട്ടൺ മെഷീൻ, 1 ബട്ടൺഹോൾ മെഷീൻ എന്നിവയുണ്ട്. തൻ്റെ ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനും അതുവഴി നിരവധി സ്ത്രീകൾക്ക് മാതൃകയാകാനും സഹായിച്ച സ്‌കിൽ ഇന്ത്യ മിഷനോട് പ്രസീത നന്ദി പറഞ്ഞു.

2024 -25 ഇടക്കാല യൂണിയൻ ബജറ്റിൽ സ്‌കിൽ ഇന്ത്യ മിഷന്റെ നേട്ടങ്ങളെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ പരാമർശിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെ 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകിയ പദ്ധതി വനിതാ സംരംഭകർക്ക് പിന്തുണ ഉറപ്പാക്കുന്ന സർക്കാറിന്റെ ശക്തമായ പ്രതിബദ്ധതയെ അടിവരയിടുന്നു. 2023 ഡിസംബർ 9 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നും ആകെ 2,79,713 പേർ പിഎംകെവിവൈ പദ്ധതിയ്ക്ക് കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. ക്രെഡിറ്റ്, ടെക്‌നോളജി, അടിസ്ഥാന സൗകര്യങ്ങൾ, സ്‌കിൽ ട്രെയിനിംഗ് പ്രോഗ്രാമുകൾ ഈ പദ്ധതിയിലൂടെ രാജ്യത്തെ വനിതകൾക്കായി സർക്കാർ വാഗ്ദാനം ചെയ്യുന്നു. ഇതുവഴി വിവിധങ്ങളായ തൊഴിലവസരങ്ങൾ കണ്ടെത്തുവാനും സ്വയംപര്യാപ്തത കൈവരിച്ച് ഉപജീവനം നടത്തുവാനും സാധാരണക്കാരായ വനിതകൾക്ക് സാധിക്കുന്നു.

2047-ഓടെ നമ്മുടെ രാജ്യം ഒരു വികസിത രാഷ്ട്രമെന്ന ഖ്യാതി നേടണമെങ്കിൽ, പല വ്യാവസായിക മേഖലകളിലെയും സ്ത്രീകളുടെ ശക്തിക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. അതോടൊപ്പം സംരംഭക പരിതസ്ഥിതി സമഗ്രവും ഏവരെയും ഉൾക്കൊള്ളുന്നതുമായിരിക്കണം. ഇക്കാര്യങ്ങൾ മുന്നിൽക്കണ്ടുകൊണ്ടാണ് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) വനിതാ കേന്ദ്രീകൃമായ പല നൈപുണ്യ വികസന പദ്ധതികളും ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് & സ്‌മോൾ ബിസിനസ് ഡെവല്പ്‌മെന്റ്, ജൻ ശിക്ഷൻ സൻസ്ഥൻസ്, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്‌സ്, സ്‌കിൽ ഇന്ത്യയുടെ പ്രധാന പദ്ധതിയായ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന ( പിഎംകെവിവൈ) എന്നിവ അവയിൽ ചിലതാണ്.

Print Friendly, PDF & Email

Leave a Comment

More News