കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തിയ എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിഎംഎസ് സംസ്ഥാന സമ്മേളനം

പാലക്കാട്: സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിന് മുതലാളിത്ത മനോഭാവമാണെന്ന് ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ആരോപിച്ചു. ക്ഷേമ പെൻഷൻ കിട്ടാതെ ആയിരക്കണക്കിന് ആളുകൾ കഷ്ടപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഡൽഹിയിൽ സമര നാടകം സംഘടിപ്പിക്കുകയാണെന്ന് വെള്ളിയാഴ്ച ബിഎംഎസ് 20-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാധാകൃഷ്ണൻ പറഞ്ഞു.

എല്ലാ രംഗത്തും പരാജയപ്പെട്ടപ്പോഴാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ ഇറങ്ങിപ്പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലയുടെ സംരക്ഷണത്തിനായി മുറവിളി കൂട്ടുന്ന സി.പി.ഐ.എം നേതൃത്വത്തിലുള്ള സർക്കാർ ബജറ്റിൽ പൊതുമേഖലയുടെ സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഊരാലുങ്കലിന് (ഊരാലുങ്കല്‍ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി) കീഴടങ്ങാൻ കെഎസ്ആർടിസിയെ പ്രേരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

അഴിമതിയും വഞ്ചനയും കാര്യക്ഷമതയില്ലായ്മയും സ്വജനപക്ഷപാതവും കുപ്രചരണവുമെല്ലാം സംസ്ഥാന സർക്കാരിൻ്റെ പര്യായമായി മാറിയിരിക്കുകയാണെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ബിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു. കെ. രാജേഷ് സ്വാഗതം പറഞ്ഞു. സലിം തെന്നിലാപുരം നന്ദി പറഞ്ഞു.

ജില്ലയിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികൾ ബിഎംഎസിൻ്റെ കാവി പതാക ഉയർത്തി റാലി നടത്തി. ഗവൺമെൻ്റ് വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ സംസ്ഥാന സർക്കാരിനെതിരെയും തീവ്ര ദേശീയവാദ മുദ്രാവാക്യങ്ങളും ഉയർന്നു. ബിഎംഎസ് ദേശീയ നേതാക്കളായ എസ്. ദുരൈ രാജ്, രാധാകൃഷ്ണൻ, രാമനാഥ്, ഗണേഷ്; സംസ്ഥാന പ്രസിഡൻ്റ് സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ; വൈസ് പ്രസിഡൻ്റുമാരായ കെ.കെ.വിജയകുമാർ, എം.പി.രാജീവൻ, എം.പി.ചന്ദ്രശേഖരൻ, എസ്.ആഷാമോൾ; സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ.അജിത് എന്നിവർ റാലി ഫോർട്ട് മൈതാനത്തേക്ക് നയിച്ചു.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രദർശനം ദുരൈ രാജ് ഉദ്ഘാടനം ചെയ്തു. ബി.എം.എസിൻ്റെ ഗതകാല പ്രയാണം പുതുതലമുറയെ ഓർമിപ്പിക്കുമെന്ന് സമ്മേളനത്തില്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ ബിഎംഎസ് മുൻ ദേശീയ പ്രസിഡൻ്റ് സി കെ സജി നാരായണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ദേശീയ സെക്രട്ടറി രാമനാഥ് ഗണേഷ് മുഖ്യാതിഥിയായിരിക്കും.

 

 

Print Friendly, PDF & Email

Leave a Comment

More News