പത്മജയുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം കേരളത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി

ന്യൂഡൽഹി; മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെ മകളും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ പത്മജ ബിജെപി അംഗത്വം സ്വീകരിച്ചു. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കർ അംഗത്വം നൽകി.

പത്മജയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. തനിക്ക് ഇതൊരു വൈകാരിക നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിൽ നിന്ന് പതിനഞ്ചിലധികം പേർ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി കോൺഗ്രസുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പത്മജ പറഞ്ഞു. പ്രശ്‌നങ്ങൾ പലതവണ ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. പിന്നീട് ഹൈക്കമാൻഡിനെ കാണാൻ പോലും അവസരം തന്നില്ല. പാർട്ടിയിൽ നിന്ന് പിതാവ് നേരിട്ട അവഗണന എനിക്കും നേരിടേണ്ടി വന്നു. കോൺഗ്രസിൽ ഇപ്പോൾ നേതാവില്ലെന്നും പത്മജ ചൂണ്ടിക്കാട്ടി.

മോദി ശക്തനായ നേതാവാണെന്നും ആ ഒരൊറ്റ കാരണത്താലാണ് താൻ ഈ പാർട്ടിയിലേക്ക് വന്നതെന്നും പത്മജ പറഞ്ഞു. ഉപാധികളില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പത്മജ വേണുഗോപാൽ പറയുമ്പോഴും ഗവർണർ സ്ഥാനമടക്കം അവര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ബിജെപി ചർച്ചയിലാണെന്നാണ് സൂചന. ചാലക്കുടിയിൽ മത്സരിപ്പിക്കാനും ആലോചനയുണ്ട്. ചാലക്കുടിയിൽ പത്മജ മത്സരിച്ചാൽ ചാലക്കുടി സീറ്റ് ബിജെപി പിടിച്ചെടുത്ത് എറണാകുളം സീറ്റ് ബിഡിജെഎസിന് നൽകിയേക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പദ്‌മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനം കോൺഗ്രസിന് കനത്ത ആഘാതമാണ് നല്‍കിയത്. ലീഡറുടെ മകൾ വരെ ബിജെപിയിലേക്ക് ചേക്കേറുമ്പോള്‍ വിശ്വാസ്യത പോകുന്നു എന്നതാണ് പാർട്ടി നേരിടുന്ന വലിയ പ്രതിസന്ധി. പദ്‌മജക്ക് നൽകിയ സ്ഥാനമാനങ്ങൾ എണ്ണിപ്പറഞ്ഞ് ചതിച്ചെന്ന് പറഞ്ഞ് നേരിടാനാണ് കോൺഗ്രസ് നീക്കം.

Leave a Comment

More News