അഗ്‌നിവീർ നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട് രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ രക്തസാക്ഷിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍ മോദി സര്‍ക്കാരിനേറ്റ പ്രഹരം

ന്യൂഡല്‍ഹി: രക്തസാക്ഷി അഗ്നിവീർ അജയ് സിംഗിന് നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അവകാശവാദത്തെ ചൊല്ലി ലോക്‌സഭയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായുള്ള തർക്കത്തിന് ശേഷം, ബുധനാഴ്ച രാഹുൽ രക്തസാക്ഷിയുടെ പിതാവിൻ്റെ വീഡിയോ സോഷ്യൽ മീഡിയയായ എക്‌സിൽ പങ്കിട്ടു. രാഹുൽ നുണ പറയുകയാണെന്ന് രാജ്‌നാഥ് സിംഗ് ആരോപിച്ചിരുന്നു. കൂടാതെ, ലോക്‌സഭാ സ്പീക്കറോട് രാഹുലിൻ്റെ പ്രസ്താവന സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഒരു കോടി രൂപ നൽകിയെന്ന രാജ്‌നാഥ് സിംഗിൻ്റെ അവകാശവാദം നിഷേധിക്കുകയും കേന്ദ്രത്തിൽ നിന്നല്ല സംസ്ഥാന സർക്കാരിൽ നിന്നാണ് നഷ്ടപരിഹാരം ലഭിച്ചതെന്നും അഗ്നിവീർ അജയ്‌യുടെ പിതാവ് വീഡിയോയിൽ പറയുന്നതാണ് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അഗ്നിവീർ യോജന നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഈ വീഡിയോ വൈറലായതോടെ അജയ് സിംഗിന്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും ചില നടപടിക്രമങ്ങൾക്ക് ശേഷം 67 ലക്ഷം രൂപ കൂടി നൽകുമെന്നും സൈന്യം വ്യക്തമാക്കി. ഇതുവഴി ഏകദേശം 1.65 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും.

Leave a Comment

More News