‘ഒത്തുപിടിച്ചാല്‍ മലയും പോരും’: തന്റെ മിന്നും വിജയത്തില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ച വെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. എല്ലാവരും ഒരു ടീം ആയാണ് പ്രവർത്തിച്ചതെന്നും, ഉപതെരഞ്ഞെടുപ്പ് ജയത്തിൽ താന്‍ അതീവ സന്തോഷവാനാണെന്നും രാഹുല്‍ പറഞ്ഞു. വോട്ടർമാരെ കാണുക എന്നത് മാത്രമായിരുന്നു തന്റെ ജോലി എന്നും മുതിർന്ന നേതാക്കളാണ് ബാക്കി എല്ലാ കാര്യങ്ങളും ചെയ്തതെന്നും പറഞ്ഞ രാഹുൽ ആദ്യമായാണ് മുന്നണി ഒരു അവസരം തരുന്നത് എന്നും സ്ഥാനാർത്ഥി എന്ന നിലയിൽ ഇത്രയും ഭാഗ്യം കിട്ടിയ ഒരാൾ ഉണ്ടോ എന്ന് അറിയില്ല രാഹുൽ പ്രതികരിച്ചു.

ശനിയാഴ്ച (നവംബർ 23, 2024) നടന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് റെക്കോർഡ് വിജയം നേടി. രാഹുൽ മാങ്കൂട്ടത്തില്‍ ബി ജെ പിയുടെ സി. കൃഷ്ണകുമാറിനെയും എൽ ഡി എഫിലെ പി സരിനെയും 18,724 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

മുതിർന്ന നേതാക്കളുടെ അടക്കം ഉണ്ടായ വലിയ തോതിലുള്ള പിന്തുണയുടെയും മുന്നണിയുടെയും വിജയമായിരുന്നുവെന്ന് പറഞ്ഞ രാഹുൽ മങ്കുട്ടത്തിൽ ഇത് പാലക്കാടിന്റെ വിജയമാണെന്നും പാലക്കാട് ആഗ്രഹിച്ച വിജയമാണെന്നും പറഞ്ഞു. 2016 ൽ 17,483 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം മറികടന്നാണ് 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്.

പാലക്കാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഭൂരിപക്ഷം കോൺഗ്രസ് നേടുന്നത്. ആകെ 57,912 വോട്ടുകൾ രാഹുൽ മാങ്കൂട്ടത്തിൽ നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ 39,243 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ 37,046 വോട്ടുകളും നേടി.

Leave a Comment

More News