കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ബോസ്റ്റണില്‍ ഊഷ്മള സ്വീകരണം; ബ്രൗണ്‍ സര്‍‌വ്വകലാശാല വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും

ബോസ്റ്റൺ: മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ശനിയാഴ്ച അമേരിക്കയിലെ ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. സന്ദർശന വേളയിൽ രാഹുൽ ഗാന്ധി റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാല സന്ദർശിക്കുകയും അവിടെ ഫാക്കൽറ്റി അംഗങ്ങളുമായും വിദ്യാർത്ഥികളുമായും സംവദിക്കുകയും ചെയ്യും.

വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയെ അമേരിക്കയിലെ ഓവർസീസ് കോണ്‍ഗ്രസ് മേധാവി സാം പിത്രോഡ സ്വാഗതം ചെയ്‌തു. “അമേരിക്കയിലേക്ക് സ്വാഗതം രാഹുൽ ഗാന്ധി! യുവാക്കൾക്കും ജനാധിപത്യത്തിനും മികച്ച ഭാവിക്കും വേണ്ടിയുള്ള ശബ്‌ദമാണ് അങ്ങ്. നമുക്ക് കേൾക്കാം, പഠിക്കാം, ഒരുമിച്ച് കെട്ടിപ്പടുക്കാം,” സാം പിത്രോഡ എക്‌സില്‍ കുറിച്ചു.

അമേരിക്കയിലെ എൻആർഐ അംഗങ്ങൾ, ഭാരവാഹികൾ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അംഗങ്ങൾ എന്നിവരുമായും രാഹുല്‍ ഗാന്ധി സംവദിച്ചേക്കും. 2024 സെപ്റ്റംബറിലാണ് രാഹുൽ ഗാന്ധി അവസാനമായി അമേരിക്കയിലെത്തിയത്. മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനാണ് അന്ന് എത്തിയത്. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലിന്‍റെ ആദ്യ യുഎസ് സന്ദർശനമായിരുന്നു അത്.

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് താരിഫ് പരിഷ്‌കണത്തിലൂടെ ആഗോള വിപണികളെ തലകീഴായി മറിക്കുകയും ചൈനയുമായി വ്യാപാര യുദ്ധം പ്രഖ്യാപിക്കുകയും ചെയ്‌ത സമയത്താണ് രാഹുല്‍ ഗാന്ധിയുടെ ഈ സന്ദർശനം.

രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര നേരത്തെ എക്‌സിലെ ഒരു പോസ്റ്റിൽ അറിയിച്ചിരുന്നു. “മുൻ കോൺഗ്രസ് പ്രസിഡന്റ് ശ്രീ രാഹുൽ ഗാന്ധി ഏപ്രിൽ 21, 22 തീയതികളിൽ അമേരിക്കയിലെ റോഡ് ഐലൻഡിലുള്ള ബ്രൗൺ യൂണിവേഴ്‌സിറ്റി സന്ദർശിക്കും. അദ്ദേഹം ഒരു പ്രസംഗം നടത്തുകയും ഫാക്കൽറ്റി അംഗങ്ങളുമായും വിദ്യാർത്ഥികളുമായും സംവദിക്കുകയും ചെയ്യും,” അദ്ദേഹം എഴുതി.

രാഹുൽ ഗാന്ധിയുടെ രണ്ടാമത്തെ യുഎസ് സന്ദർശനമാണിത്. 2024 സെപ്റ്റംബറിൽ അദ്ദേഹം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയിരുന്നു. സന്ദർശന വേളയിൽ അദ്ദേഹം ഡാളസില്‍ ടെക്സസ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും സംവദിക്കുകയും ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.

ഡാളസിൽ നിന്ന് അദ്ദേഹം വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുകയും അവിടെ ജോർജ്ജ്ടൗൺ സർവകലാശാലയിലെ വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും സംവദിക്കുകയും ചെയ്തു. ലോക്സഭയിൽ പ്രതിപക്ഷ നേതാവായതിനുശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ യുഎസ് സന്ദർശനമാണിത്.

Leave a Comment

More News