കോഴിക്കോട് നാദാപുരം സ്വദേശി ആതിഫ് അഷറഫിന് ‘എർഗണോമിക്സിൽ’ ലോകോത്തര പുരസ്കാരം

അമേരിക്കയിലെ പ്രശ്‌സ്തമായ Texax A&M സർവകലാശാലയിൽ Ph.D. ഗവേഷകനായി പ്രവർത്തിക്കുന്ന കോഴിക്കോട്/നാദാപുരം സ്വദേശി ആത്തിഫ് അഷറഫ് Ergonomics (മനുഷ്യന്റെ സുഖസൗകര്യവും പ്രവർത്തന കാര്യക്ഷമതയും വർദ്ധിപ്പിക്കുന്ന രൂപകല്പനയെക്കുറിച്ചുള്ള ശാസ്ത്രശാഖ. ഫാക്ടറികൾ മുതൽ സ്പേസ് സ്റ്റേഷൻ വരെ എല്ലാത്തിലും ഇതിന് പ്രയോഗമുണ്ട്) മേഖലയിലെ ഏറ്റവും ഉയർന്ന ആഗോള അംഗീകാരമായ ‘Dieter W. Jahns Student Award 2025′ കരസ്ഥമാക്കി. അമേരിക്കയിലെ ഫൗണ്ടേഷൻ ഫോർ പ്രൊഫഷണൽ എർഗണോമിക്സ് നൽകുന്ന ഈ പുരസ്കാരം, ലോകമാകെയുള്ള ഉദ്യമങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് മാത്രം ലഭിക്കുന്ന അംഗീകാരമാണ്. ഈ വർഷം, ആ അഭിമാന പദവിക്ക് അർഹനായത് ആത്തിഫാണ്.

ആതിഫിന്റെ Skip-Order-Action (SOA) ഫ്രെയിം വര്‍ക്കിനെ അടിസ്ഥാനമാക്കിയുള്ള പിഎച്ച്ഡി ഗവേഷണ പ്രൊജക്റ്റ്, സുരക്ഷാ മാനേജ്മെന്റിലെയും പരിശീലനത്തിലെയും പ്രായോഗിക പ്രയോജനങ്ങൾ മൂലം നിരവധി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്നിലാക്കി മികച്ചതായി തിരഞ്ഞെടുത്തു.

സിദ്ധാന്ത പൂർണ്ണത മാത്രമല്ല, യഥാർത്ഥ പ്രശ്‌നങ്ങൾ എർഗണോമിക്സ് വഴി എങ്ങനെ പരിഹരിക്കാമെന്ന് തെളിയിക്കുന്ന വിദ്യാർത്ഥികളെയാണ് ഈ അവാർഡ് ആദരിക്കുന്നത്. അതിനാൽ, ആതിഫിന്റെ ഗവേഷണം അക്കാദമികമായും പ്രായോഗികമായും മികച്ചതാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് അഭിമാനമായി, ആതിഫ് ഈ പുരസ്കാരം സ്വീകരിക്കുന്നത് ഒക്ടോബറിൽ ഷിക്കാഗോയിൽ നടക്കുന്ന പ്രൗഢമായ HFES വാർഷിക സമ്മേളനത്തിലാണ്. ഈസമ്മേളനം ഗൂഗിൾ, നാസ, ബോയിംഗ് പോലുള്ള പ്രമുഖ കമ്പനികളുടെ പ്രതിനിധികളും , മറ്റു പ്രമുഖ ശാസ്ത്രജ്ഞരും  പങ്കെടുക്കുന്ന വേദിയാണ്. ഇത്തരമൊരു വേദിയിൽ ആതിഫിന്റെ പേരും സംവാദവും ലോകമറിയാൻ സാധ്യതയുണ്ട്.

2023-ൽ അദ്ദേഹം പ്രശസ്തമായ Mirzayan Science & Technology Policy Fellowship നേടിയിരുന്നു. ഇപ്പോൾ ഈ പുതിയ അന്താരാഷ്ട്ര പുരസ്കാരം കൂടി ലഭിച്ചതോടെ, അദ്ദേഹത്തിന്റെ ഗവേഷണ പ്രതിഭയ്ക്ക് ലോകം വീണ്ടും മാനം നൽകിയിരിക്കുകയാണ്. തുടർച്ചയായി ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങൾ, അദ്ദേഹത്തിന്റെ പഠനത്തിലെ, ഗവേഷണത്തിലെ, ദൃഢനിശ്ചയത്തിലെ മികവിനുള്ള വ്യക്തമായ തെളിവുകളാണ്. മലയാളി ഗവേഷകരുടെ പ്രതിഭ ലോകസഭയിൽ തെളിയിക്കുന്ന ഈ നിമിഷം എല്ലാ മലയാളികൾക്കും അഭിമാനമാണ്.

നാദാപുരം തോലോന്റവിട പോക്കര് ഹാജിയുടെ മകൻ അഷറഫിന്റെയും, ഓർക്കാട്ടേരി പേരിലാംകുളത്ത് സൂപ്പി ഹാജിയുടെ മകൾ ഫൗസിയയുടെയും മകനാണ് ആതിഫ്. നിലവിൽ കോഴിക്കോട് സിവിൽ സ്റ്റേഷനടുത്തു ‘കൊടിലൻസ്’ എന്ന വീട്ടിലാണ് താമസം.

റിപ്പോര്‍ട്ട്: അജി കോട്ടയിൽ

Leave a Comment

More News