ജൂൺ 6 ന് ലോസ് ഏഞ്ചൽസിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) നടത്തിയ റെയ്ഡില്‍ ഫാഷൻ ഡിസ്ട്രിക്റ്റ്, കോംപ്റ്റൺ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് 118 അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു.
കാലിഫോര്‍ണിയ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാജ്യത്ത് നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് വാഗ്ദാനം ചെയ്തത് 2024 ലെ അദ്ദേഹത്തിന്റെ വിജയത്തിന് ഒരു പ്രധാന കാരണമായി. ലോസ് ഏഞ്ചൽസ് പോലുള്ള നഗരങ്ങളിൽ ഈ വാഗ്ദാനം അദ്ദേഹത്തിന് വ്യാപകമായ പിന്തുണ നേടിക്കൊടുത്തു, പക്ഷേ ശക്തമായ എതിർപ്പും നേരിടേണ്ടി വന്നു.
“അമേരിക്കൻ തെരുവുകളിൽ ഇടതുപക്ഷ ഗ്രൂപ്പുകളുടെ അരാജകത്വം ഞാൻ സഹിക്കില്ല” എന്ന് പ്രചാരണ വേളയിൽ ട്രംപ് പറഞ്ഞിരുന്നു. ഈ നയം നടപ്പിലാക്കാൻ, പ്രസിഡന്റിന്റെ മുഴുവൻ അധികാരങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തന്റെ ഉപദേഷ്ടാവായിരുന്ന ഇലോൺ മസ്കുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷം, ട്രംപ് ഈ വിഷയത്തിൽ കൂടുതൽ കടുത്ത നിലപാട് സ്വീകരിച്ചു. ഇത് ലോസ് ഏഞ്ചൽസിലെ സ്ഥിതിഗതികൾ പിരിമുറുക്കത്തിലാകാന്‍ കാരണവുമായി.
ജൂൺ 6 ന് ലോസ് ഏഞ്ചൽസിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) നടത്തിയ റെയ്ഡില്‍ ഫാഷൻ ഡിസ്ട്രിക്റ്റ്, കോംപ്റ്റൺ തുടങ്ങിയ പ്രദേശങ്ങളിൽ 118 അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു. ഐസിഇയുടെ കണക്കനുസരിച്ച്, ഒരു ജോലിസ്ഥലത്ത് 44 പേരെയും ഗ്രേറ്റർ എൽഎ പ്രദേശത്ത് 77 പേരെയും അറസ്റ്റ് ചെയ്തു. ഈ റെയ്ഡുകൾ ലാറ്റിനോ സമൂഹങ്ങളിൽ ഭയവും രോഷവും സൃഷ്ടിച്ചു. തൽഫലമായി, ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. പ്രതിഷേധക്കാർ 101 ഫ്രീവേ തടയുകയും വാഹനങ്ങൾക്ക് തീയിടുകയും സർക്കാർ കെട്ടിടങ്ങൾ ആക്രമിക്കുകയും ചെയ്തു. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ, ഫ്ലാഷ്-ബാംഗ് ഗ്രനേഡുകൾ എന്നിവ ഉപയോഗിച്ചു. എൽഎ ഡൗണ്‍ ടൗണിലെ ഫെഡറൽ ബിൽഡിംഗ് പ്രതിഷേധങ്ങളുടെ കേന്ദ്രമായി മാറി, അവിടെ പ്രതിഷേധത്തില്‍ പങ്കെടുത്ത തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതായി റിപ്പോർട്ടുണ്ട്.
പ്രതിദിനം 3,000 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുക, യുഎസ്-മെക്സിക്കോ അതിർത്തി അടയ്ക്കുക എന്നിവയായിരുന്നു ട്രംപിന്റെ പ്രചാരണ ലക്ഷ്യം. കാലിഫോർണിയ പോലുള്ള ഡെമോക്രാറ്റിക് സംസ്ഥാനങ്ങളുടെ “സങ്കേത” നയങ്ങളെ അദ്ദേഹം രാജ്യത്തിന് ഭീഷണിയെന്ന് വിളിക്കുകയും കേന്ദ്ര സേനയിലൂടെ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ ട്രംപ് ലോസ് ഏഞ്ചൽസിൽ 2,000 നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിച്ചു. പ്രതിഷേധക്കാരെ “അക്രമകാരികളും കലാപകാരികളുമായ ജനക്കൂട്ടം” എന്ന് സോഷ്യൽ മീഡിയയിൽ വിശേഷിപ്പിച്ച അദ്ദേഹം, “കലാപം തടയാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും” എന്ന് പറഞ്ഞു.
ലോസ് ഏഞ്ചൽസിൽ, ഡെമോക്രാറ്റിക് ഗവർണർ ഗാവിൻ ന്യൂസം ട്രംപിന്റെ നടപടികളെ ശക്തമായി വിമർശിച്ചു. “അക്രമത്തിന് പ്രേരിപ്പിക്കുന്നതും, കുഴപ്പങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും, നഗരങ്ങളെ സൈനിക ക്യാമ്പുകളാക്കി മാറ്റുന്നതും ഒരു പ്രസിഡന്റിന്റെയല്ല, സ്വേച്ഛാധിപതികളുടെ നടപടിയാണ്” എന്ന് ന്യൂസം പറഞ്ഞു. നാഷണൽ ഗാർഡിന്റെ വിന്യസത്തെ സംസ്ഥാന പരമാധികാരത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പ്രാദേശിക പോലീസിന് കഴിഞ്ഞതായും ട്രംപിന്റെ നീക്കം കുഴപ്പങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം മാത്രമാണെന്നും ന്യൂസം പറയുന്നു.
