കൊച്ചി: ഇന്ന് (ജൂണ്‍ 17 ചൊവ്വാഴ്ച) നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് നാഗ്പൂരിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഔദ്യോഗിക ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. മസ്കറ്റിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ വിമാനം രാവിലെ 9.31 ന് ഡൽഹിയിലേക്ക് ആഭ്യന്തര വിമാനമായി പുറപ്പെട്ടതായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വിലയിരുത്തൽ സമിതി ഉടൻ തന്നെ യോഗം ചേർന്ന് ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുകയും വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു.
തങ്ങളുടെ വിമാനവുമായി ബന്ധപ്പെട്ട് ഒരു “സുരക്ഷാ ആശങ്ക” ലഭിച്ചതായി ഇൻഡിഗോ വക്താവ് പിന്നീട് ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു, സുരക്ഷാ വ്യോമയാന പ്രോട്ടോക്കോൾ അനുസരിച്ച് ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിച്ചതായും പറഞ്ഞു.
“വിമാനം നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി, എല്ലാ യാത്രക്കാരും സുരക്ഷിതമായി ഇറങ്ങി’ എന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
