മികച്ച ഭരണാനുഭവം ജനങ്ങൾക്ക് നൽകാന്‍ സംസ്ഥാനത്ത് ഡിജിറ്റൽ കേരള ആർക്കിടെക്ചർ നടപ്പിലാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങൾക്ക് മികച്ച ഭരണാനുഭവം നൽകുന്നതിനായി സംസ്ഥാനത്ത് ഒരു ഏകീകൃത പ്ലാറ്റ്‌ഫോം ‘ഡിജിറ്റൽ കേരള ആർക്കിടെക്ചർ’ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പ് കോവളം ലീല ഹോട്ടലിൽ സംഘടിപ്പിച്ച ഡിജി ഗവേണൻസ് – നോളജ് എക്സ്ചേഞ്ച് ഉച്ചകോടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സൈബർ ഭീഷണികൾ നിയന്ത്രിക്കുന്നതിനുള്ള Centralized Security Operations Center (CSOC), പൊതു ഇടങ്ങളിൽ പൊതു വൈ-ഫൈ സംവിധാനങ്ങളുടെ വിപുലീകരണം, കൃത്രിമബുദ്ധി, മെഷീൻ ലേണിംഗ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭരണം സുഗമവും സുതാര്യവുമാക്കുന്നതിനുള്ള ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ നൂതന പദ്ധതികൾ സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികസനത്തിന്റെ തുടർച്ചയെ പ്രാപ്തമാക്കും. സാങ്കേതിക വിദ്യയിലൂടെ സാധ്യമാകുമ്പോൾ മാത്രമേ പൊതുജനങ്ങൾക്ക് പ്രയോജനകരമായ വികസന മാറ്റങ്ങൾ പൂർണ്ണമായും വിജയിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

2023-ൽ, സമ്പൂർണ്ണ ഇ-ഗവേണൻസ് പ്രഖ്യാപനത്തോടെ കേരളം ചരിത്രനേട്ടം കൈവരിക്കുകയായിരുന്നു. ഭരണനിർവഹണം പൂർണ്ണമായും ഡിജിറ്റലും സുതാര്യവുമാക്കാവാനും ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ സംസ്ഥാനം ഒന്നാമത് എത്തുവാനും ഇ-ഗവേണൻസ് പദ്ധതിയിലൂടെ കഴിഞ്ഞു. ഇ-ഡിസ്ട്രിക്റ്റ് സേവനങ്ങളിലൂടെ 10 കോടിയിലധികം ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലും വിവിധ ഫീൽഡ് ഓഫീസുകളിലും നടപ്പിലാക്കിയ ഇ-ഓഫീസ് സംവിധാനത്തിലൂടെ സർക്കാർ നടപടികളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാകാനായി. അക്ഷയ കേന്ദ്രങ്ങൾ വഴി, പെൻഷൻ സമാഹരണം, ആധാർ അപ്ഡേറ്റുകൾ, പ്രായമായവർക്കും കിടപ്പിലായവർക്കുമുള്ള വാതിൽപടി സേവനങ്ങളെ പിന്തുണയ്ക്കുന്ന വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളും നടപ്പാക്കാനായിട്ടുണ്ട്. ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന ഡിജിറ്റൽ ഭരണ സമീപനമാണ് കേരളം സ്വീകരിച്ചിട്ടുള്ളതെന്നും സംസ്ഥാനത്തിന്റെ ഡിജിറ്റൽ സാങ്കേതിക പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് ഐടി മിഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇ ഗവേണൻസ് മാഗസിൻ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഇലക്ട്രോണിക്‌സ് ആൻഡ് ഐ ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ഐ ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, അസാപ് സിഎംഡി ഡോ ഉഷ ടൈറ്റസ്, സി-ഡിറ്റ് ഡയറക്ടർ ജി ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.

പി.ആര്‍.ഡി., കേരള സര്‍ക്കാര്‍

Leave a Comment

More News