മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയെടുത്തത് ഭരണവിരുദ്ധ തരംഗത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ വിജയമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇതുവരെ ഉണ്ടായ എല്ലാ തിരഞ്ഞെടുപ്പ് റെക്കോർഡിനെയും മറികടന്ന വിജയം കൈവരിച്ചതായും മുരളീധരൻ പറഞ്ഞു. വിജയത്തിന് പ്രധാന കാരണം യുഡിഎഫ് ഒരു മനസ്സോടെ പ്രവർത്തിച്ചതാണ്. സ്വരാജ് ഊതി വീർപ്പിച്ച ബലൂൺ പോലെയായി.
സിപിഎമ്മിനെ സ്നേഹിക്കുന്നവരും ഈ തെരഞ്ഞെടുപ്പിൽ മാറി ചിന്തിച്ചുവെന്നും അദ്ദേഹം വിലയിരുത്തി. ഇന്നത്തെ ഭരണത്തിനെതിരെ ശക്തമായ ജനവികാരമാണ് പ്രതിഫലിച്ചത്. ആശ സമരവും പ്രിയങ്ക ഗാന്ധിയുടെ സന്ദർശനവും വിജയത്തിന് കരുത്ത് പകർന്നു. ഒത്തൊരുമയോടെ മുന്നോട്ട് പോയാൽ വിജയിക്കാമെന്ന് ഈ ഫലം തെളിയിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
അൻവർ ഒൻപത് കൊല്ലം എം.എൽ.എ ആയിരുന്ന ആളാണ്. അൻവറിന് ലഭിച്ച വോട്ടുകളിൽ അത്ഭുതമൊന്നുമില്ല. ഭരണവിരുദ്ധ വികാരത്തിന്റെ ഒരു ഭാഗം അൻവറിനും മറ്റൊരു ഭാഗം യുഡിഎഫിനുമാണ് പോയത്. അൻവറിനെ കോൺഗ്രസ് പുറത്താക്കിയതല്ല, അദ്ദേഹം സ്വയം പുറത്തു പോയതാണ്. എല്ലാം കൊണ്ടും സന്തോഷം നൽകുന്ന വിജയമാണ്. എന്നാൽ ആ സന്തോഷം അമിത ആത്മവിശ്വാസത്തിലേക്ക് നീങ്ങരുത്. ഇതുപോലെ തന്നെ മുന്നോട്ട് പോവേണ്ടതുണ്ട്. അൻവറിനെ സ്വീകരിക്കണോ എന്നത് എല്ലാവരും ചേർന്ന് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
