ന്യൂയോര്‍ക്ക്: നോർത്ത് അറ്റ്‌ലാന്റിക് റീജിയൻ-വൈസ്മെൻ ക്ലബ്ബ് നടത്തിയ സാമൂഹ്യ സേവനം മാതൃകാപരമായി. ഫിലഡൽഫിയയിൽ വച്ചുണ്ടായ ദാരുണമായ ഒരു കാർ അപകടത്തിൽ അനാഥമായി മാറിയ കുടുംബത്തെ സഹായിക്കുവാൻ വൈസ്‌മെൻ ക്ലബ്ബ് സമാഹരിച്ച ഏഴു ലക്ഷം രൂപ കുടുംബത്തിനു കൈമാറി.
റീജിനൽ ഡയറക്ടർ കോരസൺ വർഗീസിന്റെ നേതൃത്വത്തിൽ കുടുംബത്തെ ആശുപത്രിയിൽ സന്ദർശിക്കുകയും ആശ്വാസവാക്കുകൾ പങ്കുവെക്കുകയും ചെയ്തു. ഞങ്ങളും ഒപ്പമുണ്ടെന്ന കരുതൽ സന്ദേശം അറിയിച്ചു. റീജിയനിലുള്ള വിവിധ ക്ലബ്ബുകൾ മനസ്സു തുറന്നു സഹകരിച്ചു. ഗ്ലെൻഓക്സ് ക്ലബ്ബ് പ്രസിഡന്റ് ഫിലിപ്പ് മഠത്തിൽ, ട്രഷറര്‍ അലക്സ് എസ്ത്തപ്പാൻ, പോളി സൈമൺ എന്നിവരും സന്ദർശനത്തിൽ പങ്കാളികളായി.
വൈസ്‌മെൻ ക്ലബ്ബിന്റെ പ്രധാന മൂല്യങ്ങൾ പ്രതിഫലിക്കുന്നത് ഫെലോഷിപ്പ്, കരുതലും പങ്കിടലും, ഐക്യം, സജീവമായ കമ്മ്യൂണിറ്റി സേവനം, വ്യക്തിഗത വളർച്ച എന്നിവയാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി ക്ലബ്ബ്കൾ നിരന്തരം സേവനം നിർവഹിക്കുന്നു. നോർത്ത് അറ്റ്ലാന്റിക് റീജിനൽ കൺവെൻഷൻ ജൂൺ 29 നു ന്യൂയോർക്കിൽ വച്ചു നടത്തപ്പെടും.

