ഭാരതത്തിൻ്റെ അടിസ്ഥാന ക്രിമിനൽ തത്വങ്ങൾ ആയ കുറ്റവിമുക്തതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതില്‍ ജാമ്യം ആണ് നിയമം, ജയിലല്ല എന്ന ജസ്റ്റിസ് വി. ആർ കൃഷ്ണയ്യരുടെ വിധി പ്രസ്താവം സുപ്രധാനമാണ്. ഗുഡികന്തി നരസിംഹുലു vs പബ്ലിക് പ്രോസിക്യൂട്ടർ (1978) കേസിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ആഖ്യാനിച്ച ഈ നിയമതത്വം, ഇന്ത്യൻ ഭരണഘടനയുടെ 21-ാം വകുപ്പിൽ സംരക്ഷിച്ചിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും, പ്രത്യേകിച്ച് നമ്മുടെ കീഴ് കോടതികളിൽ ഈ തത്വം പാലിക്കപ്പെടുന്നത് അപൂർവമാണ്. ചിലപ്പോൾ, ജാമ്യ അപേക്ഷകൾ യാന്ത്രികമായി നിരസിക്കപ്പെടുന്നു, ഭരണഘടനാവകാശങ്ങളേയും വ്യക്തിഗത സ്വാതന്ത്ര്യത്തേയും വെല്ലുവിളിക്കുന്നവിധത്തിൽ തന്നെ.
ഈ ലേഖനം സുപ്രീം കോടതി, കേരള ഹൈക്കോടതി എന്നിവയുടെ പ്രധാന വിധികളെ അടിസ്ഥാനമാക്കി ജാമ്യം ആണ് നിയമം’ എന്ന പ്രമാണത്തിന്റെ നിർണ്ണായകത വ്യക്തമാക്കുന്നു, അതോടൊപ്പം ആ തത്വം പലപ്പോഴും അവഗണിക്കപ്പെടുന്നതിൽ ആശങ്കയും ഉന്നയിക്കുന്നു.
I. സുപ്രീം കോടതിയുടെ പ്രധാന വിധികൾ :
1. ഗുഡി ഗാന്ധി നരസിംഹലു v. പബ്ലിക് പ്രോസിക്യൂട്ടർ (1978) 1 SCC 240 എന്ന കേസിൽ ജാമ്യം ആണ് നിയമം, ജയിലല്ല എന്ന്ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പ്രസ്താവിക്കുക ഉണ്ടായി. അപരാധിയുടെ സാമ്പത്തിക, സാമൂഹിക പശ്ചാത്തലങ്ങൾ പരിഗണിച്ച് വേണം ഇത്തരം കേസുകളിൽ ജാമ്യ വിധി പറയേണ്ടത് എന്ന് ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ വ്യക്തമാക്കി. ശിക്ഷപോലെ ജാമ്യം നിഷേധിക്കരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
2. സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ vs ബാൽ ചന്ദ് (1977) 4 SCC 308 കേസിൽ, “ജാമ്യം ആണ് നിയമം ജയിലല്ല” എന്നത് ലഘുവായ ശൈലിയിലാണ് ഈ വിധിയിൽ സുപ്രീം കോടതി അതിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വിചാരണയ്ക്ക് മുമ്പുള്ള തടവുകള്‍ മാത്രമേ അംഗീകരിക്കാവൂ എന്നും കോടതി അഭിപ്രായപ്പെട്ടു.
3. ദാത്താ റാം കേസ് (2018) 3 SCC 22 ൽ “ഒരു വ്യക്തിയെ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നത് വരെ അവൻ കുറ്റരഹിതനാണെന്ന് കരുതണം. അതിനാൽ, ജാമ്യം നൽകുന്നത് നിയമപരമായ ചട്ടമാണ്.” അവശ്യകാരണമില്ലാതെ കീഴ് കോടതികൾ ജാമ്യം നിരസിക്കുന്നതിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു.
4. സഞ്ജയ് ചന്ദ്ര v. CBI (2012) 1 SCC 40 കേസിൽ ജാമ്യത്തിന്റേതാണ് നിയമം എന്നും കുറ്റാരോപിതൻ വിചാരണക്കായി കോടതിയിൽ ഹാജരാകാൻ തയ്യാറാകുന്നതിന് ഉള്ള ഉറപ്പ് ഉണ്ടെങ്കിൽ അനാവശ്യമായി തടവിൽ വയ്ക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
5. അർണേഷ് കുമാർ vs സ്റ്റേറ്റ് ഓഫ് ബീഹാർ (2014) 8 SCC 273 കേസിൽ 7 വർഷത്തിൽ കുറവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളിൽ പ്രതിയെ അറസ്റ്റു ചെയ്യുന്നതിന് പോലീസിന് കൃത്യമായ ന്യായീകരണം വേണമെന്നും, കോടതികൾ കുറ്റാരോപിതരെ റിമാൻഡ് ചെയ്യുന്നതിന് മുൻപ് കാര്യമായി ആലോചിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
II. കേരള ഹൈക്കോടതിയുടെ പ്രധാന വിധികൾ
1. മാനുവൽ vs സ്റ്റേറ്റ് ഓഫ് കേരള 2005 (3) KLT 66 കേസിൽ ആണ് “ജാമ്യം ആണ്നിയമം” എന്ന തത്വം ഊന്നിപ്പറഞ്ഞുകൊണ്ട്, നിസ്സാരമായ ആക്ഷേപങ്ങൾ അടിസ്ഥാനമാക്കി വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കരുതെന്ന് കേരള ഹൈക്കോടതി വ്യക്തമായി നിര്‍ദ്ദേശിച്ചു.
2. മുഹമ്മദ് ഇഖ്ബാൽ v s സ്റ്റേറ്റ് ഓഫ് കേരള 2008 (1) KLT 377 ഈ NDPS കേസിൽ, ജാമ്യഘട്ടത്തിൽ കർശനമായ തെളിവ് ആവശ്യമായി കാണേണ്ടതില്ലെന്നും മുൻകൂട്ടി തടവിലാക്കൽ അഭിലഷണീയമല്ലെന്നും കോടതി പറഞ്ഞു.
3. പി.കെ. മുഹമ്മദ് vs യൂണിയൻ ഓഫ് ഇന്ത്യ 2003 (2) KLT 784 കേസിൽ നിസ്സാര കാരണങ്ങൾ പറഞ്ഞ് ജാമ്യം നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയോ അല്ലെങ്കിൽ സാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള സാധ്യതയോ ഇല്ലെങ്കിൽ ജാമ്യം നിഷേധിക്കേണ്ടതില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി.
7) ശ്രീജിത്ത് vs സ്റ്റേറ്റ് ഓഫ് കേരള 2 020 (3) KHC 144 കേസിൽ കേസുകളിൽ പ്രതിക്ക് ക്രിമിനൽ പാശ്ചാത്തലം ഇല്ല എങ്കിലുo അന്വേഷണവുമായി സഹകരിക്കുന്നു എങ്കിലും ജാമ്യം നിഷേധിക്കരുതെന്ന് കോടതി പറഞ്ഞു.
5. ബിജു vs സ്റ്റേറ്റ് ഓഫ് കേരള 2021 SCC Online Ker 289 കേസിൽ യാന്ത്രികമായി നിരസിക്കരുതെന്നും ഓരോ കേസിലും പ്രത്യേകമായ സാഹചര്യം വിലയിരുത്തേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
III. ഭരണഘടനയും മനുഷ്യാവകാശവുമെന്ന നിലയിൽ ഭരണഘടനയുടെ 21-ാം ആർട്ടിക്കിള്‍ വ്യക്തിഗത സ്വാതന്ത്ര്യത്തിന് സംരക്ഷണമരുളുന്നു.
ജാമ്യം നിരാകരിക്കുന്നത് വിചാരണക്ക് മുമ്പുള്ള ശിക്ഷക്ക് തുല്യമായിരിക്കും. ഇത് രാജ്യാന്തര മാനവാവകാശങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധമാണ്.
ഹുസൈനാരാ ഖാത്തൂന്‍ vs സ്റ്റേറ്റ് ഓഫ് ബീഹാർ (1979) കേസിൽ സുപ്രീം കോടതി വിചാരണ കാത്തിരിക്കുന്ന തടവുകാരുടെ ദുരവസ്ഥ വ്യക്തമാക്കിയിരുന്നു. കോടതികൾ കൂടുതൽ സ്വാതന്ത്ര്യം പിന്തുണയ്ക്കുന്ന സമീപനം സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു.
IV. പ്രായോഗികതയിലെ വെല്ലുവിളികൾ
തെളിവുകൾ അപര്യാപ്തമായിട്ടും, കീഴ്‌കോടതികളിൽ ജാമ്യാപേക്ഷകൾ പലതും നിരൂപണമില്ലാതെയും യാതൊരു അടിസ്ഥാനവും ഇല്ലാതെയും നിരസിക്കപ്പെടുന്നു. കുറ്റത്തിന്റെ ഗുരുതരതയെ മാത്രം അടിസ്ഥാനമാക്കുന്നു. പ്രതികളുടെ സമൂഹപരമായ ബന്ധങ്ങൾ, മുൻ കുറ്റരേഖ ഇല്ലായ്മ മുതലായവ അവഗണിക്കപ്പെടുന്നു.
ഇതിന്റെ ഫലമായി, ജയിലുകളിൽ വിചാരണ തടവുകാരുടെ എണ്ണം ഉയരുന്നു. പ്രതികളുടെ വ്യക്തിഗത സ്വാതന്ത്ര്യത്തിന് ഭീഷണി ഉയരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും, പ്രാദേശിക വിഭാഗങ്ങൾക്കുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
V. ഉപസംഹാരം:
പരിഹാരങ്ങൾ
സുപ്രീം കോടതി, കേരള ഹൈക്കോടതി എന്നിവയുടെ ജാമ്യവിധികൾ വ്യക്തമാണ്: സ്വാതന്ത്ര്യമാണ് നിയമം, തടവു അപവാദവും.
ഇതിന് പ്രായോഗികത നൽകാൻ:
മജിസ്‌ട്രേറ്റുകൾക്കും സെഷൻസ് ജഡ്ജിമാർക്കും മാനവികതയും ഭരണഘടനാ മൂല്യങ്ങളും അഭിമുഖീകരിച്ച് പരിശീലനം നൽകണം.
ജാമ്യ ഉത്തരവുകൾ വിശദമായ അവലോകനത്തോടെയായിരിക്കണം തയ്യാറേക്കണ്ടത്.
നിയമ സഹായ സംവിധാനം ശക്തിപ്പെടുത്തണം.
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യറിന്റെ വാക്കുകളിൽ:
“ജാമ്യത്തിൻ്റെ വാദം എന്നാൽ സ്വാതന്ത്ര്യത്തിന്റെ വാദമാണ് – അത് നീതി, പൊതുസുരക്ഷ, പൊതുസാമ്പത്തിക ബാധ്യത എന്നിവയുമായി ബന്ധപ്പെട്ട ഒന്നാണ്. അതിനാൽ, സാമൂഹികമായി ഉണർന്ന ഒരു ജാമ്യവിധിപ്രയോഗം ന്യായപ്രക്രിയയുടെ ഭാഗമാകണം.”
രചിച്ചത്: അഡ്വ. സലിൽ കുമാർ പി
തലശ്ശേരി – 670101
