തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ രണ്ട് നിപ്പ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് രോഗബാധിതർ.
മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ്പ കണ്ടെത്തിയതിനെത്തുടർന്ന്, നിപ്പ സ്ഥിരീകരണത്തിനായി സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പുതന്നെ പ്രോട്ടോക്കോൾ അനുസരിച്ച് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ്പ കണ്ടെത്തിയതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ ഒരേസമയം പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് നിർദ്ദേശം നൽകിയത്. മൂന്ന് ജില്ലകളിലും 26 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ സഹായവും തേടും. സംസ്ഥാന ഹെൽപ്പ്ലൈനും ജില്ലാ ഹെൽപ്പ്ലൈനും സംയുക്തമായാണ് പട്ടിക തയ്യാറാക്കുക. രണ്ട് ജില്ലകളിലും ജില്ലാ തലത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. അതിനായി കളക്ടർമാർ ഉചിതമായ നടപടികൾ സ്വീകരിക്കണം. പൊതു അറിയിപ്പുകൾ നൽകണം. ആരെയും ഒഴിവാക്കാതെ സമ്പർക്ക ട്രെയ്സിംഗ് നടത്തണം. ഈ കാലയളവിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി നിപയെക്കുറിച്ച് വൈകുന്നേരം വീണ്ടും ഉന്നതതല യോഗം മന്ത്രിയുടെ നേതൃത്വത്തിൽ നടക്കും.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിയായ 18കാരിയുടെ മരണകാരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. ജൂൺ 28 ന് മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടെത്തിച്ച പെൺകുട്ടി ജൂലൈ ഒന്നിനാണ് മരിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾ മസ്തിഷ്ക മരണം സംഭവിച്ച നിലയിലായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗം സ്ഥിരീകരിച്ചതോടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ഡോക്ടര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 38 കാരിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട് നാട്ടുകൽ സ്വദേശിയ യുവതിയുടെ പ്രാഥമിക പരിശോധാ ഫലം നേരത്തെ പോസിറ്റീവ് ആയിരുന്നു. കൂടുതല്‍ പരിശോധനക്ക് വേണ്ടി പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു.
സംസ്ഥാനത്ത് ഇതുവരെ 25 പേർ നിപ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
