കേരള ഗവര്‍ണ്ണര്‍ പിടിവാശി ഉപേക്ഷിച്ച് സംയമനം പാലിക്കണം: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാനുള്ള ശ്രമങ്ങളില്‍ നിന്നും പിന്തിരിഞ്ഞ്, സംയമനം പാലിക്കാന്‍ കേരള ഗവര്‍ണ്ണര്‍ തയാറാകണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു.

തന്‍റെ സാന്നിദ്ധ്യമുള്ളിടത്തെല്ലാം കാവിക്കൊടി വേണമെന്ന വാശിയാണ് ഗവര്‍ണ്ണര്‍ക്ക്. രാഷ്ട്രീയ-മത പ്രചാരണത്തിന് രാജ്ഭവന്‍ വേദിയാക്കി, കേരളത്തില്‍ നിലനിന്നുവരുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല.

ഭരണഘടനാതീത ശക്തിയാണ് ഗവര്‍ണ്ണര്‍ സ്ഥാനമെന്ന മിഥ്യാധാരണ കൈവെടിയണം. കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നുവരുന്ന സംവിധാനങ്ങളോട് പൊരുത്തപ്പെടാന്‍ ഗവര്‍ണ്ണര്‍ തയാറാവണം. വിദ്യാഭ്യാസ മേഖലയെ സംഘര്‍ഷഭരിതമാക്കി തന്‍റെ സാന്നിദ്ധ്യം അറിയിക്കാനുള്ള ശ്രമം, ഗവര്‍ണ്ണര്‍ ഉപേക്ഷിക്കണം.

ജനാധിപത്യ സംവിധാനത്തില്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേയും ജനങ്ങളേയും വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ ഒരു ഗവര്‍ണ്ണര്‍ക്കും ആവില്ല. സര്‍ക്കാരിനും ജനങ്ങള്‍ക്കും മേല്‍ കുതിരകയറാനും സ്ഥാപിത താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനും കേരളജനത ഒരു അധികാരിയേയും അനുവദിക്കില്ല.

ജനങ്ങളുമായി ബന്ധമില്ലാത്ത ഉപദേശകരുടെ പിടിയില്‍ നിന്നും മോചിതനായി, അവധാനതയോടെ കാര്യങ്ങള്‍ കാണാനും, മുന്‍കാല ഗവര്‍ണ്ണര്‍മാരുടെ പാരമ്പര്യം ഉള്‍ക്കൊള്ളാനും, പദവിയുടെ അന്തസ്സും മാന്യതയും പുലര്‍ത്തി പ്രവര്‍ത്തിക്കാനും കേരള ഗവര്‍ണ്ണര്‍ തയാറാവണമെന്ന് കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല മുന്‍ സെനറ്റ് അംഗം കൂടിയായ കെ. ആനന്ദകുമാര്‍ അഭ്യര്‍ത്ഥിച്ചു.

 

Leave a Comment

More News