അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിനാല്‍ ബഗ്രാം വ്യോമതാവളം നമ്മുടെ കൈകളില്‍ നിന്ന് നഷ്ടപ്പെട്ടുവെന്നും, ഇപ്പോള്‍ അത് ചൈനയുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് പറഞ്ഞു. ചൈന ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥലത്ത് നിന്ന് ഒരു മണിക്കൂര്‍ അകലെയാണ് ഈ വ്യോമതാവളമെന്നും അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടണ്‍: ബൈഡൻ ഭരണകൂടത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ തിടുക്കത്തിൽ പിൻവലിച്ചതിനെ അമേരിക്കൻ ചരിത്രത്തിലെ “ഏറ്റവും ലജ്ജാകരമായ നിമിഷം” എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അന്നത്തെ സൈനിക മേധാവി മാർക്ക് മില്ലിയെ “പമ്പര വിഡ്ഢി” എന്നും വിശേഷിപ്പിച്ചു. വൈറ്റ് ഹൗസില്‍ മാധ്യമ സമ്മേളനത്തില്‍ സംസാരിക്കവെ, സൈനിക ഉപകരണങ്ങൾ ഉപേക്ഷിച്ചതിനെയും ബഗ്രാം വ്യോമതാവളം നഷ്ടപ്പെട്ടതിനെയും ട്രംപ് ചോദ്യം ചെയ്തു.
ട്രംപ് മാർക്ക് മില്ലിയുടെ തീരുമാനങ്ങളെ നിശിതമായി വിമര്‍ശിച്ചു. “അവർ എല്ലാ ഉപകരണങ്ങളും ആയുധങ്ങളും ഉപേക്ഷിച്ചു, എല്ലാ വർഷവും അവർ ആ ഉപകരണങ്ങളുമായി തെരുവുകളിൽ പരേഡ് നടത്തിയിരുന്നു. ഓരോ സ്ക്രൂവും, ഓരോ ബോൾട്ടും, ഓരോ ആണിയും അവിടെ നിന്ന് നീക്കം ചെയ്യണമായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു.
ബഗ്രാം വ്യോമതാവളത്തിന്റെ തന്ത്രപരമായ പ്രാധാന്യം ഊന്നിപ്പറഞ്ഞ ട്രംപ്, അത് ഇപ്പോൾ ചൈനയുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടു. “ഞങ്ങൾക്ക് ബഗ്രാം ഉണ്ടായിരുന്നു, അത് ഇപ്പോൾ ചൈനയുടെ നിയന്ത്രണത്തിലാണ്. ലോകത്തിലെ ഏറ്റവും ശക്തമായ റൺവേകളിൽ ഒന്നാണത്. ചൈന ആണവായുധങ്ങൾ നിർമ്മിക്കുന്ന സ്ഥലത്ത് നിന്ന് ഒരു മണിക്കൂർ അകലെയാണ് ആ വ്യോമ താവളം,” അദ്ദേഹം പറഞ്ഞു. എന്നാല്‍, അഫ്ഗാനിസ്ഥാനിലെ താൽക്കാലിക സർക്കാർ ഈ അവകാശവാദം നിഷേധിച്ചു.
യുഎസ് സൈന്യത്തെ പിൻവലിക്കുന്നതിനെതിരെ അഫ്ഗാൻ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. “അമേരിക്ക ഒരു വൻശക്തിയാണ്, പക്ഷേ അഫ്ഗാനികൾ ഒരിക്കലും അവരുടെ മണ്ണിൽ വിദേശ സൈനിക സാന്നിധ്യം സഹിക്കില്ല. അവർ അത് പുനഃപരിശോധിക്കണം,” സൈനിക വിശകലന വിദഗ്ധൻ യൂസഫ് അമിൻ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2021 ഓഗസ്റ്റ് 30-ന്, 20 വർഷത്തെ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് യുഎസ് അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിച്ചു. യഥാര്‍ത്ഥത്തില്‍, അഫ്ഗാനിസ്ഥാനില്‍ നിന്ന് യു എസ് സൈന്യത്തെ ഘട്ടം ഘട്ടമായുള്ള പിൻവലിക്കൽ വ്യവസ്ഥ ചെയ്യുന്ന കരാര്‍ 2020 ഫെബ്രുവരിയിൽ താലിബാനുമായി ട്രംപ് ഭരണകൂടമാണ് ഒപ്പു വെച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടുകയും ജോ ബൈഡന്‍ അധികാര്‍ത്തിലെത്തുകയും ചെയ്തു. അതിനു ശേഷമാണ് ട്രംപ് താലിബാനുമായി ഒപ്പു വെച്ച കരാര്‍ ബൈഡൻ ഭരണകൂടം നടപ്പിലാക്കിയത്. ട്രംപിന്റെ ഇപ്പോഴത്തെ മലക്കം മറിച്ചില്‍ സ്വയം വെള്ള പൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിമര്‍ശനം ഉയരുന്നത്.
കാബൂൾ വിമാനത്താവളത്തിലെ അരാജകത്വവും താലിബാന്റെ ദ്രുതഗതിയിലുള്ള അധികാരത്തിലെത്തിയതും ആഗോള വിമർശനത്തിന് കാരണമായി.
