ഷാർജയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഗാര്‍ഹിക പീഡനവും വിവാഹമോചനത്തിനുള്ള സമ്മർദ്ദവും; കേന്ദ്ര ഏജന്‍സികള്‍ ഇടപെടണമെന്ന് കുടുംബം

ഷാർജയില്‍ താമസിക്കുന്ന യുവതി വിപഞ്ചികയുടെയും രണ്ടര വയസ്സുള്ള കുഞ്ഞിന്റെയും മരണത്തിനുത്തരവാദി ഭര്‍ത്താവ് നിധീഷാണെന്നും, കേസില്‍ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെട്ടു. ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവ് നിധീഷിന്റെ തുടര്‍ച്ചയായുള്ള മാനസിക പീഡനമാണ് മരണത്തിന് പ്രധാന കാരണമെന്ന് കുടുംബം ആരോപിച്ചു.

വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താവ് നിരന്തരമായി സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് വിപഞ്ചികയുടെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. കുട്ടിക്ക് കുറഞ്ഞത് രണ്ടര വയസെങ്കിലും ആകട്ടെ എന്ന നിലപാടിലായിരുന്നു വിപഞ്ചിക. എന്നാല്‍, ഭര്‍ത്താവും കുടുംബവും അത് അംഗീകരിച്ചില്ലെന്നു മാത്രമല്ല, വിവാഹമോചനത്തിന് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.

വിപഞ്ചിക ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ഭര്‍ത്താവ് നിധീഷിന്റെ പേരും, സഹോദരിയുടെ പേരും പിതാവിന്റെ പേരും എഴുതിവച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ തന്നെ പീഡിപ്പിച്ചുവെന്ന വ്യക്തമായ ആരോപണങ്ങളാണ് കുറിപ്പിലുണ്ടായിരുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോഴും ഭര്‍ത്താവിന്റെ ഉപദ്രവം തുടരുകയായിരുന്നുവെന്നും വിപഞ്ചികയുടെ ബന്ധുക്കള്‍ പറയുന്നു.

ഭർതൃവീട്ടിലെ നിരന്തര പീഡനം കാരണം വളരെ നേരത്തെതന്നെ ആത്മഹത്യയ്ക്ക് വിപഞ്ചിക തയ്യാറെടുത്തിരുന്നുവെന്നാണ് സൂചന. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ എല്ലാ കാര്യങ്ങളും ചെയ്തു എന്ന് വിപഞ്ചിക ഉറപ്പു വരുത്തി. ഇതിന്റെ ഭാഗമായിട്ടാവകണം തന്റെ സ്വർണവും ലോക്കറിന്റെ താക്കോലും രേഖകളുമടക്കം ബന്ധുവിനെ ഏൽപ്പിച്ചതും. താലി അടക്കം ഇവർ ബന്ധുവിനെ ഏൽപ്പിക്കാനായി സുഹൃത്തിന്റെ കൈയിൽ നൽകിയിരുന്നു.

ഇത്തരമൊരു അപകടാവസ്ഥയിലായിരുന്നിട്ടും സുരക്ഷിതയായി നാട്ടിലേക്ക് മടങ്ങിവരാൻ വിപഞ്ചികക്ക് സാധിച്ചില്ല. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിപഞ്ചികയുടെ ബന്ധുക്കൾ വിദേശകാര്യ മന്ത്രിക്കും, ഷാർജയിലെ ഇന്ത്യൻ കോൺസുലേറ്റിനും, മുഖ്യമന്ത്രിക്കും പരാതി നൽകി. കൊലയാളികളെ വെറുതെ വിടരുതെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ കൈപ്പടയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ പീഡനത്തിന് പുറമേ, ഭര്‍തൃപിതാവ് മോഹനന്റെയും, സഹോദരി നീതുവിനെതിരെയും ആത്മഹത്യാക്കുറിപ്പിൽ ഗുരുതരമായ ആരോപണങ്ങളുണ്ട്. മൃതദേഹങ്ങൾ ഇപ്പോൾ ഷാർജ അൽ ഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. വൈഭവിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി.തെളിവുകൾ ശേഖരിക്കേണ്ടതിനാൽ വിപഞ്ചികയുടെ പോസ്റ്റ്‌മോർട്ടം നടത്തിയിട്ടില്ല.

Leave a Comment

More News